'ആദ്യം നോക്കുന്നത് ഇന്ത്യയിലെ ഹുസൈൻ ഒബാമമാരുടെ കാര്യം'; വിവാദ പരാമർശവുമായി ഹിമാന്ത ബിശ്വശർമ
|ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷ സുരക്ഷയെക്കുറിച്ചുള്ള ബരാക് ഒബാമയുടെ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി
ഗുവാഹത്തി: ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷ സുരക്ഷയെക്കുറിച്ചുള്ള മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ അഭിപ്രായപ്രകടനത്തിനു തിരിച്ചടിയുമായി അസം മുഖ്യമന്ത്രി. ഇന്ത്യയിൽ ഒരുപാട് ഹുസൈൻ ഒബാമമാരുണ്ടെന്നായിരുന്നു ഹിമാന്ത ബിശ്വശർമയുടെ പ്രതികരണം. ഒബാമയുടെ പൂർണനാമത്തിലെ 'ഹുസൈൻ' എടുത്തുപറഞ്ഞായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം.
ഹിന്ദുക്കൾ ഭൂരിപക്ഷമായ ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ചോദിക്കണമെന്ന് ഒബാമ യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒബാമയെ അറസ്റ്റ് ചെയ്യാൻ അസം പൊലീസ് വാഷിങ്ടണിലേക്ക് തിരിച്ചോ എന്ന് ചോദിച്ച മാധ്യമപ്രവർത്തക രോഹിണി സിങ്ങിനോട് ട്വിറ്ററിലായിരുന്നു ഹിമാന്ത പ്രതികരിച്ചത്. വികാരം വൃണപ്പെടുത്തിയതിന് ഒബാമയ്ക്കെതിരെ ഗുവാഹത്തിയിൽ കേസെടുത്തോ എന്നും രോഹിണി പരിഹാസസ്വരത്തിൽ ചോദിച്ചിരുന്നു.
ഇതിനോട് ഹിമാന്തയുടെ മറുപടി ഇങ്ങനെയായിരുന്നു: ''ഇന്ത്യയിൽ തന്നെ ഒരുപാട് ഹുസൈൻ ഒബാമമാരുണ്ട്. വാഷിങ്ടണിൽ പോകുന്നതിനുമുൻപ് അവരുടെ കാര്യം ആദ്യം നോക്കേണ്ടതുണ്ട്. മുൻഗണനാക്രമം അനുസരിച്ചാണ് അസം പൊലീസ് പ്രവർത്തിക്കുക.''
സി.എൻ.എൻ ചാനലിൽ ക്രിസ്റ്റൈൻ അമൻപോറിന് നൽകി അഭിമുഖത്തിലായിരുന്നു ഇന്ത്യയിലെ ന്യൂനപക്ഷ വിഷയങ്ങളെക്കുറിച്ച് ഒബാമ പരാമർശിച്ചത്. യു.എസ് പ്രസിഡന്റ് ബൈഡൻ മോദിയെ കാണുകയാണെങ്കിൽ ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് തുടങ്ങി സ്വേച്ഛാധിപതികളെന്ന് പൊതുവേ കണക്കാക്കപ്പെടുന്ന നേതാക്കളുമായി യു.എസ് പ്രസിഡന്റ് എങ്ങനെ ചർച്ച നടത്തണമെന്ന ചോദ്യത്തിനായിരുന്നു ഒബാമയുടെ മറുപടി.
'നയതന്ത്രപരമായ കാരണങ്ങളാൽ പല രാഷ്ട്രങ്ങളുടെ തലവന്മാരുമായും യു.എസ് പ്രസിഡന്റുമാർക്ക് കൂടിക്കാഴ്ച നടത്തേണ്ടതായി വന്നേക്കാം. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ബൈഡൻ ചർച്ച ചെയ്യേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന ഒരു കാര്യം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ്. മോദിയുമായി ഒരു കൂടിക്കാഴ്ചയ്ക്ക് എനിക്കവസരം ലഭിച്ചാൽ തീർച്ചയായും അക്കാര്യത്തിനാകും ഞാൻ മുൻഗണന നൽകുക. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ തീർച്ചയായും ഇന്ത്യയുടെ അഖണ്ഡത നഷ്ടമാകും.'-അഭിമുഖത്തിൽ ഒബാമ പറഞ്ഞു.
വലിയ ആഭ്യന്തര കലാപങ്ങളുണ്ടായാൽ ഒരു രാജ്യത്തിന്റെ അവസ്ഥയെന്താവുമെന്ന് നാം കണ്ടിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം കാര്യങ്ങളിൽ സത്യസന്ധമായ സംഭാഷണങ്ങൾ ഉണ്ടാവണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. പ്രസിഡന്റ് എന്ന നിലക്ക് പല നേതാക്കളുമായും ഞാൻ ചർച്ച നടത്തിയിട്ടുണ്ട്. ഇവരൊക്കെ ജനാധിപത്യപരമായാണോ രാഷ്ട്രത്തെ നയിക്കുന്നതെന്ന് എന്നോട് വ്യക്തിപരമായി ചോദിച്ചാൽ എനിക്ക് അല്ല എന്നുത്തരം പറയേണ്ടി വരും'-ഒബാമ വ്യക്തമാക്കി.
Summary: 'Many Hussain Obama in India', priority taking care of them: Assam CM Himanta Biswa Sarma creates new controversy