'മുഖ്യമന്ത്രി ജനങ്ങൾക്ക് പ്രാപ്യനാണ്'; തെലങ്കാന മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലെ ബാരിക്കേഡുകൾ നീക്കി
|ഔദ്യോഗിക വസതിയായ പ്രഗതി ഭവന്റെ പേര് ബി.ആർ അംബേദ്കർ പ്രജാഭവൻ എന്ന് പുനർനാമകരണം ചെയ്യുമെന്നും രേവന്ത് റെഡ്ഢി പറഞ്ഞു.
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രഗതി ഭവന് മുന്നിലെ ബാരിക്കേഡുകൾ എടുത്തുമാറ്റി. മുഖ്യമന്ത്രി ജനങ്ങൾക്ക് പ്രാപ്യനാണെന്ന സന്ദേശം നൽകുന്നതിനാണ് നടപടിയെന്ന് നിയുക്ത മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞു.
10 മീറ്റർ ഉയരത്തിലുള്ള ഇരുമ്പ് ബാരിക്കേഡുകളാണ് വസതിക്ക് മുന്നിൽ സ്ഥാപിച്ചിരുന്നു. ഗ്യാസ് വെൽഡിങ് ഉപകരങ്ങൾ ഉപയോഗിച്ചാണ് ഇത് മുറിച്ചുമാറ്റിയത്. പ്രഗതിഭവൻ വളപ്പിലേക്ക് ആളുകൾ ഇടിച്ചുകയറുന്നത് പതിവായതോടെയാണ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. ഇത് വാഹനയാത്രക്കാർക്ക് തടസ്സമാണെന്നും നിരന്തരം റോഡ് ബ്ലോക്കിന് കാരണമാവുന്നുവെന്നും പരാതി ഉയർന്നിരുന്നു.
മുഖ്യമന്ത്രിയുടെ വസതി എല്ലായിപ്പോഴും പൊതുജനങ്ങൾക്കായി തുറന്നിട്ടിരിക്കുകയാണെന്ന് രേവന്ത് റെഡ്ഢി പറഞ്ഞു. ഔദ്യോഗിക വസതിയുടെ പേര് ഡോ. ബി.ആർ അംബേദ്കർ പ്രജാ ഭവൻ എന്ന് പുനർനാമകരണം ചെയ്യുമെന്നും രേവന്ത് റെഡ്ഢി വ്യക്തമാക്കി.