മകൻ മരിച്ചതറിഞ്ഞില്ല; കാഴ്ചാ പരിമിതിയുള്ള ദമ്പതിമാർ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 4 ദിവസം
|പൊലീസെത്തുമ്പോൾ മൃതദേഹത്തിന് സമീപം അവശനിലയിലായിരുന്നു ദമ്പതികൾ
ഹൈദരാബാദ്; മകൻ മരിച്ചതറിയാതെ കാഴ്ചാ പരിമിതിയുള്ള വൃദ്ധ ദമ്പതികൾ മൃതദേഹത്തിനൊപ്പം കഴിച്ചുകൂട്ടിയത് നാല് ദിവസം. ഹൈദരാബാദിലെ നഗോളിലാണ് സംഭവം. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ വിവരമറിയിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.
അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് ദമ്പതികൾ. മകനെ ഭക്ഷണം കഴിക്കാനായി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ഇവർ അയൽക്കാരെ വിളിച്ചെങ്കിലും അവരാരും കേട്ടില്ലെന്ന് നഗോൾ പൊലീസ് സ്റ്റേഷൻ ഹെഡ് ഓഫീസർ സൂര്യ നായക് പറയുന്നു. നാലോ അഞ്ചോ ദിവസങ്ങൾക്ക് മുമ്പ് തന്നെ ദമ്പതികളുടെ മകൻ മരിച്ചതായാണ് വിവരം. 30കാരനായ ഇയാൾക്കൊപ്പമാണ് ദമ്പതികൾ കഴിഞ്ഞിരുന്നത്.
പൊലീസെത്തുമ്പോൾ മൃതദേഹത്തിന് സമീപം അവശനിലയിലായിരുന്നു ദമ്പതികൾ. പൊലീസാണ് ഇരുവർക്കും ഭക്ഷണവും മറ്റും നൽകിയത്. ദമ്പതികളുടെ മറ്റൊരു മകനെ വിവരമറിയിച്ചത് പ്രകാരം ഇയാളെത്തി മാതാപിതാക്കളെ കൂട്ടിക്കൊണ്ടുപോയി. പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചിരിക്കുകയാണ്.