India
ഹൈദരാബാദ് കൂട്ടബലാത്സംഗം: ബി.ജെ.പി എം.എല്‍.എ പുറത്തുവിട്ട ദൃശ്യം വിവാദത്തില്‍
India

ഹൈദരാബാദ് കൂട്ടബലാത്സംഗം: ബി.ജെ.പി എം.എല്‍.എ പുറത്തുവിട്ട ദൃശ്യം വിവാദത്തില്‍

Web Desk
|
5 Jun 2022 7:03 AM GMT

സി.ബി.ഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും

ഹൈദരാബാദ്: ഹൈദരാബാദില്‍ കാറില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി. അതിനിടെ സംസ്ഥാനത്തെ ഒരു എം.എല്‍.എയുടെ മകന്‍ കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ ബി.ജെ.പി എം.എല്‍.എ ദൃശ്യം പുറത്തുവിട്ടത് വിവാദത്തിലായി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയും വിധമാണ് ദൃശ്യം പുറത്തുവിട്ടതെന്നാണ് പരാതി.

"ചുവപ്പ് നിറത്തിലുള്ള മെഴ്‌സിഡസ് കാറില്‍ നാല് പേർ ഉണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ കാണാം. എന്നാൽ ഇവരില്‍ ആരെയും പൊലീസ് പിടികൂടിയിട്ടില്ല. ലൈംഗിക അതിക്രമം വീഡിയോയിൽ വ്യക്തമായി കാണാം. പോക്‌സോ നിയമത്തിന്റെ എല്ലാ മുൻകരുതലുകളും സ്വീകരിച്ച് പെൺകുട്ടിയുടെ മുഖം കാണിക്കാതെയാണ് ഞാന്‍ വീഡിയോ പുറത്തുവിട്ടത്. എന്നാൽ പ്രതികളുടെ മുഖം കാണാം. പ്രതികള്‍ പ്രായപൂർത്തിയാകാത്തവരാണോ അല്ലയോ എന്നത് കോടതിയോ പൊലീസോ തീരുമാനിക്കട്ടെ. പോലീസിനും പൊതുജനങ്ങൾക്കും മുന്നിൽ ഞാൻ തെളിവുകൾ വെച്ചിട്ടുണ്ട്. എം.എൽ.എയുടെ മകന് പങ്കുണ്ടോയെന്ന് ഇനി പൊലീസ് കണ്ടെത്തണം"- ബി.ജെ.പി എം.എല്‍.എ രഘുനന്ദന്‍ റാവു പറഞ്ഞു.

സംഭവത്തില്‍ മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്- 18 വയസുള്ള ഒരാളെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയും. കുറ്റക്കാരില്‍ ഒരാള്‍ ഒരു എം.എല്‍.എയുടെ മകനാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എം.എല്‍.എയുടെ മകനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതിനാലാണ് താന്‍ ദൃശ്യം പുറത്തുവിട്ടതെന്ന് രഘുനന്ദന്‍ റാവു പറഞ്ഞു. സംഭവത്തില്‍ ബി.ജെ.പിയും കോണ്‍ഗ്രസും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടു.

ഹൈദരാബാദിലെ പബ്ബില്‍ നിന്ന് ശനിയാഴ്ച സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങവേ പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് പ്രതികൾ കാറില്‍ കയറ്റിയത്. ആളൊഴിഞ്ഞ ജൂബിലി ഹില്‍സ്സില്‍ കൊണ്ടുപോയി കാറില്‍ വെച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ടിആര്‍എസ് എംഎല്‍യുടെ മകന്‍ ഉള്‍പ്പെടെ ഉന്നത സ്വാധീനമുള്ളവരാണ് പ്രതികളെന്നാണ് ആരോപണം. എന്നാല്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Related Tags :
Similar Posts