India
Andhra Pradesh,Hyderabad,Andhra Pradeshcapital,Hyderabadcapital,Telanganacapital,ഹൈദരാബാദ്,തെലങ്കാന,ആന്ധ്രയുടെ തലസ്ഥാനം,തെലങ്കാന തലസ്ഥാനം,ഹൈദരാബാദ് തലസ്ഥാനം,സംസ്ഥാന രൂപീകരണം
India

ഹൈദരാബാദ് ഇന്ന് മുതൽ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമല്ല! കാരണമിതാണ്...

Web Desk
|
2 Jun 2024 10:02 AM GMT

ആന്ധ്രയുടെ പുതിയ തലസ്ഥാനമേതാവും എന്നതില്‍ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല

ഹൈദരാബാദ്: രാജ്യത്തെ തിരക്കേറിയ മെട്രോപൊളിറ്റൻ നഗരങ്ങളിലൊന്നായ ഹൈദരാബാദ്, ഇനി മുതൽ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമല്ല. 2014 ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമ പ്രകാരം ഹൈദരാബാദ് ഇനി മുതൽ തെലങ്കാനയുടെ മാത്രം തലസ്ഥാനമായിരിക്കും. 2014 ജൂൺ രണ്ടിനാണ് തെലങ്കാന നിലവിൽ വന്നത്.

കരാർ പ്രകാരം ജൂൺ രണ്ടുമുതൽ ഹൈദരാബാദ് തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും പൊതു തലസ്ഥാനമായി പ്രവർത്തിക്കുന്നത് അവസാനിപ്പിച്ചു. പത്ത് വർഷത്തിന് ശേഷം ഹൈദരബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമായിരിക്കുമെന്നും ആന്ധ്രക്ക് മറ്റൊരു തലസ്ഥാനമായിരിക്കുമെന്നും പുനഃസംഘടന നിയമം പറയുന്നു. അതേസമയം, ആന്ധ്രയുടെ പുതിയ തലസ്ഥാനമേതാവും എന്നതിനെക്കുറിച്ച് ഇപ്പോഴും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. അമരാവതി തലസ്ഥാനമാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.എന്നാൽ വിശാഖപ്പട്ടണം തന്നെ തലസ്ഥാനമായി വേണമെന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്.

വീണ്ടും അധികാരത്തിലെത്തിയാൽ വിശാഖപട്ടണം ഭരണതലസ്ഥാനവും അമരാവതി നിയമസഭയുടെ ആസ്ഥാനവും കുർണൂൽ ജുഡീഷ്യൽ തലസ്ഥാനവുമാകുമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി പറഞ്ഞിരുന്നു.

രണ്ട് സംസ്ഥാനങ്ങളായി വിഭജിച്ച് പത്ത് വർഷം പിന്നിട്ടിട്ടും ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഇടയിലുള്ള ആസ്തി വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഹൈദരാബാദിന്റെ തലസ്ഥാനമെന്ന പദവിയ്ക്കൊപ്പം, ആന്ധ്രാപ്രദേശിന്റെ കൈവശമുള്ള നിരവധി കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും തെലങ്കാന സർക്കാർ ഏറ്റെടുക്കും. ഹൈദരാബാദിലെ ലേക്ക് വ്യൂ സർക്കാർ അതിഥി മന്ദിരം പോലെയുള്ള കെട്ടിടങ്ങൾ ജൂൺ രണ്ടിന് ശേഷം ഏറ്റെടുക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി കഴിഞ്ഞ മാസം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഹെർമിറ്റേജ് കോംപ്ലക്‌സ്, സിബി-സിഐഡി ആസ്ഥാനം, ലേക് വ്യൂ ഗസ്റ്റ് ഹൗസ് എന്നീ മൂന്ന് കെട്ടിടങ്ങൾ നിലനിർത്താൻ അനുമതി തേടി ജനുവരിയിൽ ആന്ധ്ര സർക്കാർ തെലങ്കാന സർക്കാരിന് കത്തയച്ചിരുന്നു.

Similar Posts