'സെക്‌സ് കിടപ്പറയില്‍ പോരേ?'; പാരിസ് ഒളിംപിക്‌സ് ഇടതുപക്ഷം കൈയേറിയെന്ന് കങ്കണ
|പിശാചുക്കളുടെ ലോകത്തേക്കാണോ ഫ്രാന്‍സ് ജനങ്ങളെ ക്ഷണിക്കുന്നതെന്നും കങ്കണ ചോദിച്ചു
ഷിംല: പാരിസ് ഒളിംപിക്‌സില്‍ ഇടതുപക്ഷത്തിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. ഇടതുപക്ഷം കൈയേറിയതുകൊണ്ടാണ് 'അമിതമായി ലൈംഗികവല്‍ക്കരിക്കപ്പെട്ട ദൈവനിന്ദാ' സ്‌കിറ്റുകള്‍ക്ക് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഇടംലഭിച്ചതെന്ന് കങ്കണ വിമര്‍ശിച്ചു. സ്വവര്‍ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളായിരുന്നു ഉദ്ഘാടന ചടങ്ങ് മൊത്തമെന്നും അവര്‍ ആരോപിച്ചു.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ വിമര്‍ശനം. ദൈവനിന്ദാപരമായും അമിതമായി ലൈംഗികവല്‍ക്കരിച്ചും ചെയ്ത അവസാനത്തെ അത്താഴത്തിന്റെ അവതരണത്തില്‍ ഒരു കുട്ടിയെ ഉള്‍പ്പെടുത്തിയതിന് ഉള്‍പ്പെടെ പാരിസ് ഒളിംപിക്‌സിനെതിരെ വിമര്‍ശനം ഉയരുകയാണെന്ന് പോസ്റ്റില്‍ കങ്കണ പറഞ്ഞു. സ്ത്രീവേഷം ധരിച്ചെത്തിയവര്‍ക്കൊപ്പം ഒരു കുട്ടിയെ വളരെ വ്യക്തമായി കാണാം. യേശുവിനെ പോലെയുള്ള നഗ്നനായ ഒരാളുടെ പെയിന്റിങ്ങും പ്രദര്‍ശിപ്പിച്ച് ക്രിസ്തുമതത്തെ അവഹേളിച്ചിരിക്കുകയാണവര്‍. 2024ലെ ഒളിംപിക്‌സിനെ ഇടതുപക്ഷം സമ്പൂര്‍ണമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
മറ്റൊരു ചിത്രം പങ്കുവച്ച് കങ്കണ കുറിച്ചത് ഇങ്ങനെയാണ്: ''ഇങ്ങനെയാണ് ഫ്രാന്‍സ് 2024 ഒളിംപിക്‌സിലേക്ക് ലോകത്തെ സ്വാഗതം ചെയ്തത്. ഇത്തരം പ്രവൃത്തികളിലൂടെ എന്തു സന്ദേശമാണ് അവര്‍ നല്‍കുന്നത്? പിശാചുക്കളുടെ ലോകത്തേക്കുള്ള ക്ഷണമാണോ?''
ഒളിംപിക്‌സ് ഉദ്ഘാടനം മൊത്തം സ്വവര്‍ഗ ലൈംഗികതയ്ക്കുള്ള പ്രചാരണവും പ്രോത്സാഹനവുമായിരുന്നെന്നും കങ്കണ തുടരുന്നു. താന്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എതിരല്ല. എന്നാല്‍, ഒളിംപിക്‌സും ലൈംഗികതയും തമ്മില്‍ എന്താണു ബന്ധമെന്ന് എനിക്കു മനസിലാകുന്നില്ല. മനുഷ്യന്റെ മികവിനെ ആഘോഷിക്കുന്ന ഒരു ആഗോള ചടങ്ങ് എങ്ങനെയാണ് ലൈംഗികതയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ മുങ്ങിപ്പോകുന്നത്? ലൈംഗികത കിടപ്പുമുറിയില്‍ നിര്‍ത്തിയാല്‍ പോരേ? എന്തിനാണ് അതിനെ ദേശീയ സ്വത്വം പോലെ അവതരിപ്പിക്കുന്നതെന്നും കങ്കണ ചോദിച്ചു.
ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 11 മണിയോടെയാണ് പാരിസ് ഒളിംപിക്‌സിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. പാരിസ് നഗരത്തിലെ സൈന്‍ നദിയിലൂടെ ഓരോ രാജ്യവും പ്രത്യേക ബോട്ടുകളില്‍ ഫ്‌ളോട്ടിങ് പരേഡ് നടത്തിയായിരുന്നു തുടക്കം. തുടര്‍ന്ന് ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ ഉദ്ഘാടന ചടങ്ങും നടന്നു.
Summary: 'Hyper-Sexualised & Blasphemous' Act: Kangana Ranaut alleges the left hijacked Paris Olympics