വ്യക്തികളോടും പ്രതിപക്ഷ പാർട്ടികളോടും എനിക്ക് അമർഷമില്ല: പ്രധാനമന്ത്രി
|രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള സ്വജനപക്ഷപാതികൾ തനിക്കെതിരെ ഒന്നിക്കുകയാണെന്ന് നരേന്ദ്രമോദി
വ്യക്തികളോടും രാജ്യത്തെ പ്രതിപക്ഷ പാർട്ടികളോടും തനിക്ക് അമർഷമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശക്തമായ പ്രതിപക്ഷത്തെയാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇ.ഡി നോട്ടീസയിച്ചിരുന്നു. ഇതുകൂടാതെ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെയും കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. കാൺപൂരിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പൂർവിക ഗ്രാമമായ പരുങ്കിൽ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയാണ് അടുത്തതായി അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആരോപിച്ചിരുന്നു. ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള രാഷ്ട്രീയ പാർട്ടികളാണ് നാടിനാവിശ്യം. രാഷ്ട്രീയത്തിൽ കുടുംബാധിപത്യം വച്ചു പുലർത്തുന്നവരും സ്വജനപക്ഷപാതം കാണിക്കുന്ന രാഷ്ട്രീയ പാർട്ടികളും സ്വയം ചികിത്സയാണ് തേടേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമീണ പശ്ചാത്തലമുള്ള വ്യക്തിയാണ് ഇന്ന് ഇന്ത്യയുടെ രാഷ്ട്രപതി, ജനാധിപത്യത്തിന്റെ ശക്തിയെകുറിച്ച് സംസാരിക്കുമ്പോൾ സ്വജനപക്ഷപാതം പോലുള്ള വെല്ലുവിളികൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും മോദി പറഞ്ഞു.
താൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെകുറിച്ചും സ്വജനപക്ഷപാതത്തെ കുറിച്ചും സംസാരിക്കുമ്പോൾ അത് രാഷ്ട്രീയ പ്രസ്താവനയായാണ് ചിലർക്ക് തോന്നുന്നത്. അതിനെ വിമർശിക്കുമ്പോൾ ചിലർ തന്നോട് ദേഷ്യം പ്രകടിപ്പിക്കുകയാണ്, രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള സ്വജനപക്ഷപാതികൾ തനിക്കെതിരെ ഒന്നിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
തന്റെ വിമർശനങ്ങളെ യുവാക്കൾ ഏറ്റെടുക്കുമ്പോൾ ചിലർക്കൊക്കെ അതൃപ്തിയുണ്ട്, തന്റെ അഭിപ്രായങ്ങളെ തെറ്റിദ്ധരിക്കരുതെന്ന് പ്രതിപക്ഷ പാർട്ടികളോട് പ്രധാനമന്ത്രി അഭ്യർത്ഥിക്കുകയും ചെയ്തു. സ്വജനപക്ഷപാതികൾ സ്വയം ചികിത്സ തേടിയാൽ അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ഇത് രാജ്യത്തെ യുവാക്കൾക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ കൂടുതൽ അവസരങ്ങളൊരുക്കുമൊന്നും നരേന്ദ്രമോദി വ്യക്തമാക്കി.