'ഞാൻ മുസ്‌ലിം വിരുദ്ധനല്ല; 2002 മുതൽ അങ്ങനെ ചിത്രീകരിക്കാൻ ശ്രമം': നുഴഞ്ഞുകയറ്റക്കാർ പരാമർശത്തിൽ മോദി
|'ഞാൻ കുട്ടിക്കാലത്ത് മുസ്‌ലിം കുടുംബങ്ങൾക്കിടയിലാണ് ജീവിച്ചിരുന്നത്. എനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കളുണ്ട്'- മോദി പറഞ്ഞു.
ന്യൂഡൽഹി: വിദ്വേഷ പരാമർശങ്ങൾ വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്‌ലിം വിരുദ്ധനല്ലെന്ന് മോദി അവകാശപ്പെട്ടു. 2002 മുതൽ തൻ്റെ പ്രതിച്ഛായ തകർക്കാനും മുസ്‌ലിം വിരുദ്ധനായി കാണിക്കാനും ബോധപൂർവ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മോദി ആരോപിച്ചു. രാജസ്ഥാനിലെ പ്രസംഗത്തിൽ നടത്തിയ നുഴഞ്ഞുകയറ്റക്കാർ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രതികരണം.
വേദിയിൽ മുസ്‌ലിംകളെ പരാമർശിച്ചിട്ടില്ലെന്ന് ആഴ്ചകൾക്കു ശേഷം മോദി അവകാശപ്പെട്ടു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകുമെന്നായിരുന്നു മുസ്‌ലിംകളെ ഉദ്ദേശിച്ചുള്ള മോദിയുടെ പ്രസ്താവന. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‌ലിംകളാണെന്നാണ് മൻമോഹൻ സിങ് മുൻപ് വ്യക്തമാക്കിയിട്ടുള്ളതെന്ന് ആരോപിച്ചായിരുന്നു ഇത്തരമൊരു പരാമർശം. രാജസ്ഥാനിലെ ബൻസ്‌വാരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിദ്വേഷ പരാമർശം.
രാജസ്ഥാനിൽ മുസ്‌ലിം സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ശേഷം ഇതാദ്യമായാണ് മോദി വിഷയത്തിൽ വിശദമായി പ്രതികരിക്കുന്നത്. മുസ്‌ലിംകളെ 'ധാരാളം കുട്ടികളുള്ള ആളുകൾ' എന്ന് വിളിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന്, 'ഞാൻ മുസ്‌ലിംകളെ മാത്രമാണ് ഉദ്ദേശിച്ചതെന്ന് ആളുകൾ കരുതുന്നത് എന്നെ ഞെട്ടിച്ചു. എന്തിനാണ് മുസ്‌ലിംകളോട് അനീതി കാണിക്കുന്നത്'- എന്നായിരുന്നു മോദിയുടെ മറുപടി.
'ഞാൻ കുട്ടിക്കാലത്ത് മുസ്‌ലിം കുടുംബങ്ങൾക്കിടയിലാണ് ജീവിച്ചിരുന്നത്. എനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കളുണ്ട്. എന്നാൽ 2002ന് ശേഷം എൻ്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങൾ നടന്നു'- മോദി ആരോപിച്ചു. താൻ മുസ്‌ലിം വിരുദ്ധനല്ല. പ്രതിപക്ഷ പാർട്ടികൾ അങ്ങനെ ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. മുസ്‌ലിം സമുദായങ്ങൾക്കെതിരെ എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ പൊതു ഇടത്തിൽ ഇരിക്കാൻ താൻ അർഹനല്ലെന്നും മോദി പറഞ്ഞു.
'മുസ്‌ലിം കുടുംബങ്ങൾ ഞങ്ങളുടെ അയൽവീടുകളിൽ താമസിച്ചിരുന്നു. ഈദ് ദിനത്തിൽ ഞങ്ങൾ വീടുകളിൽ ഭക്ഷണം ഉണ്ടാക്കില്ല. അടുത്തുള്ള മുസ്‌ലിം വീടുകളിൽ നിന്നും ഭക്ഷണം കൊണ്ടുതരാറുണ്ടായിരുന്നു. മുഹറം ദിനത്തിൽ ഞങ്ങളും ദുഃഖം ആചരിക്കുമായിരുന്നു'- മോദി അവകാശപ്പെട്ടു.
'അഹമ്മദാബാദിൽ, വൈകുന്നേരം ആളുകൾ ഭക്ഷണം കഴിക്കാൻ പോവുന്ന മനേക് ചൗക്ക് എന്ന സ്ഥലമുണ്ട്. പകൽ സമയത്ത് എല്ലാ വ്യവസായികളും മുസ്‌ലിംകളും വാങ്ങുന്നവരെല്ലാം ഹിന്ദുക്കളുമാണ്. ആ മാർക്കറ്റ് സർവേ ചെയ്യാൻ ഞാൻ ചിലരെ അയച്ചു. അവരിൽ ഒരാൾ എനിക്കെതിരെ സംസാരിച്ചപ്പോൾ കടയുടമ അയാളെ തടഞ്ഞുനിർത്തി പറഞ്ഞു- ‘മോദിക്കെതിരെ ഒരക്ഷരം മിണ്ടരുത്. മോദി കാരണമാണ് എൻ്റെ കുട്ടികൾ സ്കൂളിൽ പോവുന്നത്'- മോദി തുടർന്നു.
ഇന്ത്യൻ മുസ്‌ലിംകൾ തുടർച്ചയായി മൂന്നാം തവണയും താങ്കൾക്ക് വോട്ട് ചെയ്യുമോ എന്ന ചോദ്യത്തിന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'രാജ്യത്തെ ജനങ്ങൾ എനിക്ക് വോട്ട് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ഹിന്ദു- മുസ്‌ലിം എന്ന് വേർതിരിവ് കാണിക്കുന്ന ദിവസം പൊതുജീവിതത്തിൽ ജീവിക്കാൻ ഞാൻ യോഗ്യനല്ല. ഞാൻ ഹിന്ദു- മുസ്‌ലിം വിഭജനം ചെയ്യില്ല. ഇതാണ് എൻ്റെ പ്രതിബദ്ധത'- മോദി അവകാശപ്പെട്ടു.
ഒന്നാം ഘട്ട വോട്ടെടുപ്പിന് ശേഷം വിദ്വേഷ പ്രചാരണം ആരംഭിച്ച മോദി, രണ്ടാം ഘട്ടത്തിനു ശേഷം അത് കടുപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി വിദ്വേഷ പരാമർശങ്ങളാണ് വിവിധയിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം നടത്തിയത്.
താൻ ജീവിച്ചിരിക്കുന്ന കാലത്തോളം മുസ്‌ലിംകൾക്ക് സംവരണം അനുവദിക്കില്ലെന്നും മോദി പറഞ്ഞിരുന്നു. മതത്തിൻ്റെ അടിസ്ഥാനത്തിൽ കായികരംഗത്ത് ന്യൂനപക്ഷങ്ങൾക്ക് മുൻഗണന നൽകാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളെ കോൺഗ്രസ് മതാടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും മോദി ആരോപിച്ചിരുന്നു. കോൺഗ്രസ് ഹിന്ദു വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും മുസ്‌ലിംകൾക്ക് തൊഴിൽ ക്വാട്ട നൽകുന്നതായും മോദി ആരോപിച്ചു.
Read Alsoകായികരംഗത്ത് ന്യൂനപക്ഷങ്ങൾക്ക് മുൻഗണന നൽകാനാണ് കോൺഗ്രസ് നീക്കം; വീണ്ടും വിദ്വേഷ പരാമർശവുമായി മോദി
Read Also'മോദിക്കെതിരെ വോട്ട് ജിഹാദ് നടത്താൻ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു'; വിദ്വേഷ പ്രസംഗവുമായി വീണ്ടും മോദി