അദ്ദേഹം എപ്പോഴും എന്‍റെ സഹോദരന്‍ തന്നെ, ഒരിക്കലും വഴക്കിടാന്‍ കഴിയുകയില്ല; അജിത് പവാറിന്‍റെ നീക്കത്തെക്കുറിച്ച് സുപ്രിയ സുലെ
|മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനു ശേഷം ഞായറാഴ്ച രാത്രി മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുപ്രിയ
മുംബൈ: എന്‍.സി.പി പിളര്‍ത്തി അജിത് പവാര്‍ ഏക്നാഥ് ഷിൻഡെയുടെ ക്യാമ്പിലെത്തിയത് ബി.ജെ.പിക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തെ ബാധിക്കില്ലെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്‍റ് സുപ്രിയ സുലെ പറഞ്ഞു. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിനു ശേഷം ഞായറാഴ്ച രാത്രി മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുപ്രിയ.
തനിക്കും അജിത് പവാറിനും അവരുടെ പാർട്ടിയെക്കുറിച്ച് വ്യത്യസ്ത ആശയങ്ങളുണ്ടാകാമെന്നും എന്നാൽ തനിക്ക് ജ്യേഷ്ഠനുമായി വഴക്കിടാൻ കഴിയില്ലെന്നും സുലെ പറഞ്ഞു.വ്യക്തിപരവും തൊഴിൽപരവുമായ ബന്ധങ്ങൾ കൂട്ടിക്കുഴയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. ''ഞാന്‍ ശരിക്കും അസ്വസ്ഥയാണ്. വൈകാരിക ബന്ധങ്ങളും പ്രൊഫഷണൽ ജോലിയും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ഞാൻ ഒരിക്കലും രണ്ടും കൂട്ടി കലർത്തുകയില്ല." സുപ്രിയ വിശദീകരിച്ചു. ഞായറാഴ്ച രാവിലെ മുംബൈയിലെ അജിത് പവാറിന്റെ ഔദ്യോഗിക വസതിയായ ദേവഗിരിയിൽ യോഗം വിളിച്ചിരുന്നു. അവർ എന്താണ് സംസാരിച്ചതെന്ന് താൻ വെളിപ്പെടുത്തില്ലെന്നും അത് തങ്ങൾക്കിടയിൽ മാത്രമായി ഒതുങ്ങുമെന്നും സുലെ പറഞ്ഞു.സംസ്ഥാനത്തിന്‍റെയും രാജ്യത്തിന്‍റെയും ക്ഷേമത്തിനായി എൻ.സി.പി നവോന്മേഷത്തോടെ പ്രവർത്തിക്കുന്നത് തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അജിത് പവാറിനെ പിന്തുണച്ച മറ്റ് നേതാക്കൾക്കെതിരെ എൻ.സി.പി അച്ചടക്ക നടപടിയെടുക്കുമോ എന്ന് ചോദിച്ചപ്പോൾ, “കഥ പുറത്തുവരട്ടെ, 12 മണിക്കൂർ പോലും ആയിട്ടില്ല” എന്നായിരുന്നു സുപ്രിയയുടെ മറുപടി. എത്ര എംഎൽഎമാർ അജിത് പവാറിനൊപ്പമുണ്ടെന്ന് ആർക്കും അറിയില്ലെന്നും പറഞ്ഞു. അവരില്‍ ആരോടെങ്കിലും സംസാരിക്കുന്നുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് "ഞാൻ അവരോട് ഓരോ തവണയും സംസാരിക്കാറുണ്ട്. എൻ.സി.പിയുടെ ഓരോ എം.എൽ.എയും വിലപ്പെട്ടവരാണ്. ഞങ്ങൾക്ക് സ്നേഹവും വാത്സല്യവും ബഹുമാനവുമുണ്ട്. ഞങ്ങൾ ഒരു കുടുംബമായി ജീവിച്ചു."എന്ന് സുപ്രിയ മറുപടി നല്‍കി.
ഞായറാഴ്ചയാണ് മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നാടകം അരങ്ങേറിയത്. പ്രതിപക്ഷ നേതാവ് അജിത് പവാറിന്‍റെ നേതൃത്വത്തില്‍ നിരവധി എന്‍.സി.പി എം.എല്‍.എമാര്‍ മറുകണ്ടം ചാടുകയും പിന്നാലെ പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. പ്രതിപക്ഷ സ്ഥാനം ഒഴിയുമെന്ന് സൂചന നല്‍കി ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു പവാറിന്‍റെ ചുവടുമാറ്റം.