'മുസ്‌ലിം പശ്ചാത്തലത്തിൽ നിന്ന് വന്നിട്ടും ആളുകൾ എനിക്കായി ക്ഷേത്രം പണിതു, അതാണ് സനാതന ധർമ്മം’: ഖുശ്ബു സുന്ദര്‍
|സനാതന ധർമ്മ വിരുദ്ധ പരാമർശത്തെ കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പ്രതികരണവുമായിട്ടാണ് ഖുശ്ബു എത്തിയത്.
സനാതന ധർമ്മ വിരുദ്ധ പരാമർശത്തെ കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗവും ദേശീയ വനിതാ കമ്മീഷന്‍ അംഗവും നടിയുമായ ഖുശ്ബു സുന്ദർ. മുസ്‌ലിം പശ്ചാത്തലത്തിൽ നിന്നു വരുന്ന തനിക്ക് ആളുകൾ ഒരു ക്ഷേത്രം പണിതു, അതാണ് സന്താന ധർമ്മമെന്ന് ഖുശ്ബു എക്സിൽ കുറിച്ചു.
‘ഞാൻ ഒരു മുസ്‌ലിം പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്, എന്നിട്ടും ആളുകൾ എനിക്കായി ഒരു ക്ഷേത്രം പണിതു. അതാണ് സനാതന ധർമ്മം. എല്ലാവരേയും തുല്യരായി കാണുക, വിശ്വാസം, ബഹുമാനം, സ്നേഹം എന്നതാണ് സനാതന ധർമ്മത്തിന്റെ തത്വം. ഈ സത്യത്തെ ഡി.കെ ചെയർമാൻ കെ വീരമണി തന്നെ അംഗീകരിക്കുന്നു. എന്നിട്ടും എന്തുകൊണ്ട് ഡി.എം.കെ നിഷേധിക്കുന്നു? പരാജയങ്ങളിൽ നിന്നു വ്യതിചലിക്കുന്നതിനുള്ള അവരുടെ ഒരു മുടന്തൻ മാർഗം മാത്രം.’ഖുശ്ബു ട്വീറ്റ് ചെയ്തു.
അതേസമയം, സനാതന ധർമ്മത്തെ കുറിച്ചുളള തൻ്റെ നിലപാടിൽ മാറ്റം ഇല്ലെന്നും കോടതിയിൽ ഇത് തെളിയിക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. താൻ ഒരിക്കലും വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും എല്ലാ നിയമ നടപടികളും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും തമിഴ്നാട് മന്ത്രിസഭാ അംഗവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധർമത്തെ പ്രതിരോധിക്കുകയല്ല തുടച്ചു നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച് നീക്കണം എന്ന അദ്ദേഹത്തിന്റെ പരാമർശമാണ് വിവാദമായത്.