India
Rahul Gandhi’s conversation with farmers, Rahul Gandhi about his house, Rahul Gandhi with farmers in Haryana, Rahu Gandhi with farmers, Rahul Gandhi, Sonepat, Haryana

ഹരിയാനയിലെ സോനിപത്തില്‍ കര്‍ഷകര്‍ക്കൊപ്പം രാഹുല്‍ ഗാന്ധി

India

'എനിക്ക് വീടില്ല; സർക്കാർ പിടിച്ചെടുത്തു'; കർഷകജീവിതം തൊട്ടറിഞ്ഞും കുശലംപറഞ്ഞും രാഹുൽ ഗാന്ധി

Web Desk
|
16 July 2023 4:20 PM GMT

ഹരിയാനയിലെ സോനിപത്തിലാണ് രാഹുൽ ഗാന്ധി കർഷകർക്കൊപ്പം പാടത്തിറങ്ങി ഞാറു നട്ടും ട്രാക്ടർ ഓടിച്ചും ഭക്ഷണം പങ്കിട്ടുകഴിച്ചും കുശലം പറഞ്ഞും ഏറെനേരം ചെലവഴിച്ചത്

ചണ്ഡിഗഢ്: ഹരിയാനയിൽ കർഷകർക്കൊപ്പം പാടത്തിറങ്ങി ഞാറു നട്ടും ട്രാക്ടർ ഓടിച്ചും ഭക്ഷണം പങ്കിട്ടുകഴിച്ചും കുശലം പറഞ്ഞും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത പുതിയ വിഡിയോയിലാണ് ഹരിയാനയിലെ സോനിപത്തിലുള്ള മദിന ഗ്രാമത്തിലെ കർഷകജീവിതം ചിത്രീകരിക്കുന്നത്.

കർഷകരുടെ ജീവിതം നേരിട്ട് മനസിലാക്കാനും അവരുടെ പ്രശ്‌നങ്ങൾ കേൾക്കാനുമായാണ് രാഹുൽ ഗാന്ധി ഗ്രാമത്തിലേക്ക് ഇറങ്ങിച്ചെന്നത്. നിലമുഴുതുന്നതു മുതൽ ഞാറു നടുന്നതും വിള കൊയ്യുന്നതും വരെയുള്ള കർഷകജീവിതമെല്ലാം അദ്ദേഹം ചോദിച്ചറിയുന്നുണ്ട്. കൂട്ടത്തിൽ ട്രാക്ടറിൽ കയറി സ്വന്തമായി കൃഷി നിലത്തിലൂടെ ഉഴുതും ഒരുകൈ നോക്കി രാഹുൽ.

പാന്റ് മുട്ടിനുമുകളിലേക്ക് കയറ്റിവച്ച് കർഷകർക്കൊപ്പം ചേറുനിറഞ്ഞ പാടത്തിറങ്ങി അദ്ദേഹം. എന്നിട്ട് ഞാറു നടുന്ന വിദ്യ ചോദിച്ചറിഞ്ഞു, അവർ പഠിപ്പിച്ച പോലെ തന്നെ ഓരോ തൈകളും നട്ടുനട്ട് മുന്നോട്ടുപോയി. ഇതിനിടയിൽ കർഷകർ അനുഭവിക്കുന്ന ജീവിതപ്രശ്‌നങ്ങളും കാർഷികരംഗത്തെ വെല്ലുവിളികളുമെല്ലാം ചോദിച്ചറിഞ്ഞു. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കേണ്ട ആവശ്യകത അവരെ പറഞ്ഞു ബോധിപ്പിച്ചു.


അപ്പോഴേക്കും പത്തിരുപത് സ്ത്രീകൾ വീട്ടിലുണ്ടാക്കിയ ഭക്ഷണം ടിഫിനിലാക്കി കൊണ്ടുവന്നു. അവർക്കൊപ്പമിരുന്ന് രാഹുൽ ഭക്ഷണം കഴിച്ചു. ഓരോരുത്തർക്കും പങ്കുവയ്ക്കുകയും ചെയ്തു. ഇതിനിടക്ക് സ്ത്രീകളുടെ ആവലാതികൾക്കും ചെവികൊടുത്തു. മക്കളെ എന്താക്കണമെന്നാണ് ആഗ്രഹമെന്ന് ചോദിച്ചറിഞ്ഞു. ഇതിനിടയിലാണ് കൂട്ടത്തിൽനിന്ന് അപ്രതീക്ഷിതമായി ചോദ്യംവരുന്നത്: ''ഇതുവരെ ഞങ്ങളുടെ കാര്യമല്ലേ ചോദിച്ചത്. ഇനി നിങ്ങളെക്കുറിച്ചു കേൾക്കട്ടെ''

ഞാൻ ഡൽഹിയിൽനിന്നു വരുന്നുവെന്ന് രാഹുൽ. 'ഡൽഹിയിലെ നിങ്ങളുടെ വീട് ഞങ്ങൾക്കും കാണണം'-അടുത്ത ആവശ്യം വന്നു.

'വന്നോളൂ.. പക്ഷെ, എനിക്ക് വീടില്ല. എന്റെ വീട് സർക്കാർ പിടിച്ചെടുത്തു'-രാഹുൽ ഗാന്ധിയുടെ മറുപടി അവരെ ഞെട്ടിച്ചു.


അപ്പോഴേക്കും ഫോണിൽ സഹോദരി പ്രിയങ്ക ഗാന്ധി റിങ് ചെയ്യുന്നു. ഫോണെടുത്ത് നേരെ കൂട്ടത്തിലൊരാൾക്കു കൈമാറി. അവർ പ്രിയങ്കയുമായി ഏറെനേരം സംസാരിച്ചാണ് ഫോൺ താഴെ വച്ചത്.

കർഷകരാണ് രാജ്യത്തിന്റെ ശക്തിയെന്ന അടിക്കുറിപ്പോടെയാണ് രാഹുൽ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബാല്യകാല സുഹൃത്തുക്കളായ രണ്ട് കർഷകരെ ഹരിയാനയിലെ സോനിപത്തിൽ കണ്ടുമുട്ടിയെന്നു രാഹുൽ കുറിച്ചു. ഇന്ത്യയിലെ കർഷകർ സത്യസന്ധരും വിവേകമുള്ളവരാണെന്നും തങ്ങളുടെ കഠിനാധ്വാനത്തെക്കുറിച്ചുള്ള ബോധ്യവും അവകാശങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും അവർക്കുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Summary: ‘I don’t have a house, govt took away’: Rahul Gandhi’s conversation with farmers in new video

Similar Posts