India
Nirmala Sitaraman_Finance minister of India
India

'എനിക്ക് തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ വേണ്ട പണമില്ല': നിര്‍മല സീതാരാമന്‍

Web Desk
|
27 March 2024 4:36 PM GMT

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും അവരുടെ കൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു

ഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പി നല്‍കിയ അവസരം നിരസിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മത്സരിക്കാന്‍ ആവശ്യമായ പണം തന്റെ പക്കലില്ലെന്ന് പറഞ്ഞാണ് നിര്‍മല സീതാരാമന്‍ അവസരം നിരസിച്ചത്.

ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ തനിക്ക് ആന്ധ്രാപ്രദേശിലോ തമിഴ്നാട്ടിലോ മത്സരിക്കാന്‍ അവസരം നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു.

'ഞാന്‍ ഒരാഴ്ചയും പത്ത് ദിവസവും ആലോചിച്ചു, എന്നാല്‍ ആന്ധ്രാപ്രദേശായാലും തമിഴ്നാടായാലും മത്സരിക്കുന്നതില്‍ ചെറിയ അസൗകര്യം ഉള്ളതായും മത്സരിക്കാന്‍ കയ്യില്‍ വേണ്ട പണമില്ലാത്തതായും ഞാന്‍ പാര്‍ട്ടിയെ അറിയിച്ചു'. ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ടൈംസ് നൗ ഉച്ചക്കോടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'അവര്‍ എന്റെ അസൗകര്യം അംഗീകരിച്ചതില്‍ ഞാന്‍ നന്ദി അറിയിക്കുന്നു. അതിനാല്‍ ഞാന്‍ മത്സരിക്കുന്നില്ല' അവര്‍ വ്യക്തമാക്കി.

രാജ്യത്തെ ധനമന്ത്രിക്ക് തെരഞ്ഞെടുപ്പിന് വേണ്ട പണം ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, ഇന്ത്യയുടെ ഏകീകൃത പണം തന്റേതല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. തന്റെ ശമ്പളം, വരുമാനം, സമ്പാദ്യം എന്നിവ തന്റേതാണെന്നും, ഇന്ത്യയുടെ ഏകീകൃത പണമല്ലെന്നും മന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെങ്കിലും ബി.ജെ.പിയുടെ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്നും അവരുടെ കൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.

Similar Posts