മുസ്ലിംകൾക്കൊപ്പം നിന്നിട്ടും അവർ ഞങ്ങളെ സഹായിച്ചില്ല- കുമാരസ്വാമി
|''ഒരു ബി.ജെ.പി നേതാവുമായും എനിക്ക് അഭിപ്രായഭിന്നതയില്ല. എല്ലാവരുമായും 99.9 ശതമാനം മനപ്പൊരുത്തത്തോടെയാണു മുന്നോട്ടുപോകുന്നത്.''
ബംഗളൂരു: എപ്പോഴും മുസ്ലിംകൾക്കൊപ്പം നിന്നിട്ടും അവർ തിരിച്ചു തങ്ങളെ സഹായിച്ചിട്ടില്ലെന്ന് ജെ.ഡി-എസ് തലവൻ എച്ച്.ഡി കുമാരസ്വാമി. അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണകൂടമാണ് ബി.ജെ.പിയുമായി സഖ്യംചേരാൻ തങ്ങളെ നിർബന്ധിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റ് നേടുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കർണാടക രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നു പറയാനാകില്ലെന്നും പറഞ്ഞു.
'ഡെക്കാൻ ഹെറാൾഡി'നു നൽകിയ അഭിമുഖത്തിലാണ് എച്ച്.ഡി കുമാരസ്വാമി നിലപാട് വ്യക്തമാക്കിയത്. ''പാർട്ടി വിടുന്ന മുസ്ലിം നേതാക്കളോട് ചോദിക്കാനുള്ളത് അവർ പാർട്ടിക്കു വേണ്ടി എന്താണു ചെയ്തതെന്നാണ്. പാർട്ടി വിടാനുള്ള കാരണമായി ചുമ്മാ പുതിയ സഖ്യത്തെ ചൂണ്ടിക്കാട്ടുകയാണ്. എച്ച്.ഡി ദേവഗൗഡയാണ് ഈ നേതാക്കന്മാർ പ്രതിനിധീകരിക്കുന്ന സമുദായത്തിനു നാലു ശതമാനം സംവരണം നൽകിയത്. അവർക്ക് എന്തെങ്കിലും സംഭവിച്ചപ്പോഴെല്ലാം ഞാനാണു കൂടെ നിന്നിട്ടുള്ളത്. അപ്പോളെല്ലാം കോൺഗ്രസ് മൗനത്തിലായിരുന്നു. തിരിച്ച് എന്താണ് അവർ ഞങ്ങൾക്കു തന്നത്? എനിക്കു നല്ല വളർച്ചയുണ്ടാകുന്നില്ലെങ്കിൽ അവരെ എങ്ങനെയാണു സംരക്ഷിക്കുക? അവരുടെ സമുദായത്തിനു സംരക്ഷണം നൽകിയിട്ടും തിരിച്ച് ഒരു പിന്തുണയുമുണ്ടായിട്ടില്ല.''-അദ്ദേഹം പറഞ്ഞു.
ജെ.ഡി-എസ് എം.എൽ.എമാർ കോൺഗ്രസിൽ ചേരാനിരിക്കുകയാണെന്നത് തങ്ങളുടെ അനിശ്ചിതാവസ്ഥ കാരണം അവർ ഉണ്ടാക്കിയ ഗോസിപ്പ് മാത്രമാണെന്നും കുമാരസ്വാമി പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ജെ.ഡി-എസിൽനിന്നും ബി.ജെ.പിയിൽനിന്നുമെല്ലാം എം.എൽ.എമാരെ റാഞ്ചാൻ അവർ നീക്കങ്ങൾ നടത്തി പരാജയപ്പെട്ടതാണ്. ഞങ്ങളുടെ ഒറ്റ എം.എൽ.എയും പാർട്ടി വിടില്ല. ഒരു ബി.ജെ.പി നേതാവുമായും എനിക്ക് അഭിപ്രായഭിന്നതയില്ല. അവരുമായി 99.9 ശതമാനം മനപ്പൊരുത്തത്തോടെയാണു മുന്നോട്ടുപോകുന്നത്. ഇതെല്ലാം (2006ലെ) ജെ.ഡി.എസ്-ബി.ജെ.പി സർക്കാർ കാലത്ത് തെളിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
''മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നേതാക്കൾ ജെ.ഡി-എസിന്റെ മതേതരത്വത്തെ കുറിച്ചു ചോദിക്കുന്നുണ്ട്. മതേതരത്വം എന്നതുകൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നതെന്നാണ് എനിക്കു തിരിച്ചുചോദിക്കാനുള്ളത്. 2004 മുതൽ 2010 വരെ ബി.ജെ.പിയുടെ വാതിലിൽ മുട്ടി മുഖ്യമന്ത്രിയാകാൻ സഹായം ചോദിച്ചു നടന്നപ്പോൾ സിദ്ധരാമയ്യയുടെ മതേതരത്വം എവിടെയായിരുന്നു? ഇതിനെക്കുറിച്ചെല്ലാം കൃത്യമായ വിവരങ്ങളുണ്ട് എന്റെയടുത്ത്. അദ്ദേഹത്തിന്റെ മതേതരത്വം വ്യാജമാണ്. എന്റെയോ എന്റെ പാർട്ടിയുടെയോ മതേതര നിലപാടിനെ ചോദ്യംചെയ്യാനുള്ള ധാർമികാവകാശം അവരിൽ ആർക്കുമില്ല.
അഴിമതി നിറഞ്ഞ കോൺഗ്രസ് ഭരണകൂടമാണ് ബി.ജെ.പിയുമായി സഖ്യം ചേരാൻ ഞങ്ങളെ നിർബന്ധിച്ചത്. സംസ്ഥാനത്തെ അഴിമതി നിറഞ്ഞ കരങ്ങളിൽനിന്നു മോചിപ്പിക്കുക മാത്രമായിരുന്നു ലക്ഷ്യം. അത്തരമൊരു സഖ്യത്തിലേക്കു പോകുംമുൻപ് പലതരത്തിലുള്ള കണക്കുകൂട്ടലുകൾ നടന്നിരുന്നു. ഈ സഖ്യം എനിക്കോ എന്റെ കുടുംബത്തിനോ വേണ്ടിയുള്ളതല്ല, സംസ്ഥാനത്തിനു വേണ്ടിയാണ്. സംസ്ഥാനത്തെ നേതാക്കന്മാരെ വിശ്വാസത്തിലെടുക്കണമെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തെ ഞാൻ ഉപദേശിച്ചിട്ടുണ്ട്. 28 ലോക്സഭാ സീറ്റാണ് ഞങ്ങളുടെ ലക്ഷ്യം. അതിനായി ഒരു റൂട്ട് മാപ്പ് തയാറാക്കും. സംസ്ഥാനത്ത് സംയുക്ത പ്രതിപക്ഷമായി മുന്നോട്ടുപോകും.''
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കുമാരസ്വാമി മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തോടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു: ഒന്നും എന്റെ കൈയിലല്ല. മഹാരാഷ്ട്രയിൽ സംഭവിച്ചത് ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ? പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, പ്രധാനമന്ത്രി അടക്കം എല്ലാ പദവികളും കണ്ടവരാണ് എന്റെ കുടുംബം. (പ്രതിപക്ഷ നേതൃസ്ഥാനം) എന്റെ ലക്ഷ്യമല്ല. കോൺഗ്രസിനെതിരെ ഒന്നിച്ചു പ്രവർത്തിക്കുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. കോൺഗ്രസ് സർക്കാർ തകരാൻ ഒരു ഓപറേഷന്റെയും ആവശ്യമില്ല. കൂടുതൽ ഉപമുഖ്യമന്ത്രിമാരെ കൊണ്ടുവരാനുള്ള പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നത് സർക്കാറിന്റെ നില അത്ര ഭദ്രമല്ലെന്നാണെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
Summary: I stood by Muslims, but they didn’t support JD(S), says HD Kumaraswamy