India
HD Revanna
India

'പ്രജ്വലിനെ ജയിലില്‍ പോയി കാണില്ല, സൂരജ് ഉടന്‍ പുറത്തിറങ്ങും'; ദൈവം മാത്രമാണ് ഇപ്പോള്‍ തങ്ങള്‍ക്കൊപ്പമുള്ളതെന്ന് എച്ച്.ഡി രേവണ്ണ

Web Desk
|
3 July 2024 5:24 AM GMT

സൂരജ് രേവണ്ണ പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായിരുന്നു

ബെംഗളൂരു: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ ജയിലില്‍ കഴിയുന്ന തന്‍റെ രണ്ടു മക്കളെയും ജയിലില്‍ കാണാന്‍ പോകില്ലെന്ന് ജെഡിഎസ് എം.എല്‍.എ എച്ച്.ഡി രേവണ്ണ. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രേവണ്ണയുടെ മകനും മുന്‍ എം.പിയുമായ പ്രജ്വല്‍ രേവണ്ണ ഇപ്പോള്‍ ജയിലിലാണ്. മറ്റൊരു മകനും ജെ.ഡി-എസ് എം.എൽ.സിയുമായ സൂരജ് രേവണ്ണ പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായിരുന്നു. സിഐഡി കസ്റ്റഡിയിലാണ് സൂരജ്.

“ഞാൻ പ്രജ്വല്‍ രേവണ്ണയെ ജയിലിൽ കാണാൻ പോകില്ല. അവനെ കാണാൻ പോയാൽ,പ്രജ്വലിനോട് ഞാനെന്തങ്കിലും പറഞ്ഞുവെന്ന് ആളുകള്‍ പറയും. അതുകൊണ്ട് ഞാന്‍ പോകുന്നില്ല. ഇപ്പോള്‍ ദൈവം മാത്രമാണ് ഞങ്ങള്‍ക്കൊപ്പമുള്ളത്. വേറെ ആരുണ്ട് ?. തിങ്കളാഴ്ച എന്‍റെ ഭാര്യ പ്രജ്വലിനെ ജയിലില്‍ പോയി കണ്ടിരുന്നു. അമ്മയും മകനും തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് എനിക്കറിയില്ല. ഞാന്‍ ചോദിച്ചുമില്ല'' മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രേവണ്ണ. ''സൂരജ് ഉടന്‍ പുറത്തിറങ്ങുമെന്ന് എനിക്ക് വിശ്വാസമുണ്ട്. എല്ലാം കോടതിയുടെ പരിഗണനയിലായതിനാൽ മറ്റ് കാര്യങ്ങളെ കുറിച്ച് ഞാൻ സംസാരിക്കില്ല. എല്ലാം അവസാനിക്കട്ടെ, ഞാൻ എല്ലാം വിശദീകരിക്കാം.“പ്രയാസങ്ങൾ ഏറ്റവും ശക്തരായ ആളുകളെ ബാധിക്കുന്നു, അപ്പോൾ നമ്മൾ ആരാണ്? ഒരു സാഹചര്യത്തിലും ഞാൻ തളർന്നു പോകില്ല'' രേവണ്ണ കൂട്ടിച്ചേര്‍ത്തു.

നിരവധി സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിൽ മേയ് 31ന് അറസ്റ്റിലായ പ്രജ്വൽ രേവണ്ണയെ തിങ്കളാഴ്ച ബെം​ഗളൂരു കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതോടെ ജൂലൈ എട്ട് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹാസൻ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിച്ച പ്രജ്വൽ പരാജയപ്പെട്ടിരുന്നു. മുൻ കേസുകളിൽ 34 ദിവസം വിദേശത്ത് ഒളിവിൽ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ പ്രജ്വലിനെ വിമാനത്താവളത്തിൽ വച്ചുതന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജർമനിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ വനിതാ ഐ.പി.എസ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 26ന് നടന്ന കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ അന്നു രാത്രി പ്രജ്വൽ രാജ്യം വിട്ടു. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകൻ കൂടിയായ പ്രജ്വൽ തന്നെ റെക്കോർഡ് ചെയ്തതെന്നായിരുന്നു റിപ്പോർട്ടുകൾ.

ജൂണ്‍ 23നാണ് സൂരജ് രേവണ്ണ അറസ്റ്റിലാകുന്നത്. ജൂണ്‍ 16ന് ഗണ്ണിക്കടയിലെ സൂരജിന്‍റെ ഫാം ഹൗസില്‍ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ജൂൺ 25ന് മറ്റൊരു ലൈംഗിക പീഡന പരാതികൂടി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. സൂരജിന്‍റെ അടുത്ത സഹായിയാണ് രണ്ടാമത്തെ പരാതി നല്‍കിയത്. ഇയാള്‍ നേരത്തെ സൂരജിന് വേണ്ടി ഒന്നാം കേസിലെ പരാതിക്കാരനെതിരെ രംഗത്തുവന്നിരുന്നു. ഹാസന്‍ അര്‍ക്കല്‍ഗുഡ് സ്വദേശിയും 27കാരനുമായ ജെഡിഎസ് പ്രവര്‍ത്തകനാണ് സൂരജിനെതിരെ ആദ്യം പീഡന പരാതി നല്‍കിയത്.

Similar Posts