"എനിക്ക് മരിച്ചാൽ മതി"; മീ ടു ആരോപണങ്ങൾക്കിടെ പാട്ടുപാടി വീഡിയോ പങ്കുവെച്ച് ബ്രിജ് ഭൂഷൺ
|ലൈംഗികാതിക്രമ ആരോപണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്ന് ആരോപിച്ച് ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് സുപ്രിം കോടതിയെ സമീപിച്ചത്
ഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗികാരോപണ പരാതിയിൽ പ്രതിഷേധങ്ങളും സമരങ്ങളും ശക്തമാവുകയാണ്. ഇതിനിടെ ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ആരോപണങ്ങളിൽ നടപടി എടുക്കാതെ രാപകൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബ്രിജ് ഭൂഷൺ.
"സുഹൃത്തുക്കളേ, ഞാൻ നേടിയതോ എനിക്ക്ആ നഷ്ടപ്പെട്ടതോ ആയ കാര്യങ്ങളെക്കുറിച്ച് ഞാൻ ആത്മപരിശോധന നടത്തും. ഇനി പോരാടാനുള്ള ശക്തിയില്ലെന്നോ ഞാൻ നിസ്സഹായനാണെന്നോ തോന്നുന്ന ദിവസം അങ്ങനെയൊരു ജീവിതം ഞാൻ നയിക്കില്ല. ആ ദിവസം ഞാൻ മരിക്കണമെന്നാണ് എന്റെ ആഗ്രഹം"; ബ്രിജ് ഭൂഷൺ വീഡിയോയിൽ പറഞ്ഞു.
അതേസമയം, ബ്രിജ് ഭൂഷനെതിരെ കേസ് എടുക്കണമെന്ന ഗുസ്തി താരങ്ങളുടെ പരാതി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. ഏഴു പേർ ചേർന്നാണ് ഹരജി നൽകിയത്. കേസ് എടുക്കും മുമ്പ് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത് .ഇന്ത്യൻ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങി നിരവധി പേർ ബ്രിജ് ഭൂഷണെതിരെ രംഗത്തെത്തിയിരുന്നു.
പരാതിയിലുള്ള ആരോപണങ്ങൾ ഗൗരവതരമാണെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഡൽഹി പൊലീസിന് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. ലൈംഗികാതിക്രമ ആരോപണത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്ന് ആരോപിച്ച് ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് സുപ്രിം കോടതിയെ സമീപിച്ചത്. അതേസമയം, താരങ്ങളുടെ ജന്തർ മന്തറിലെ രാപ്പകൽ സമരം ആറാം ദിവസത്തേക്ക് കടന്നു. പ്രതിഷേധം ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുന്നതും അച്ചടക്ക ലംഘനവും ആണെന്ന ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയുടെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമാണ്.
പരാതികൾ ഉന്നയിക്കാൻ വേദികൾ ഉണ്ടെന്നിരിക്കെ തെരുവിലെ സമരം കായിക മേഖലക്ക് ദോഷമാണെന്നാണ് പി.ടി ഉഷ പറഞ്ഞത്. വനിതാ താരമായിട്ടും തങ്ങളെ കേൾക്കാൻ പി.ടി ഉഷ തയ്യാറായില്ലെന്ന് സാക്ഷി മാലിക് പ്രതികരിച്ചു. താരങ്ങളുടെ ആരോപണങ്ങൾക്ക് സാക്ഷിയാണ് താനെന്ന് സായ് മുൻ ഫിസിയോ പരഞ്ജീത് മാലിക് വ്യക്തമാക്കി. പരാതി ഉന്നയിച്ച തന്നെ സായ് പുറത്താക്കിയെന്നും ഇക്കാര്യം മേൽനോട്ട സമിതിക്ക് മുമ്പാകെ അറിയിച്ചതാണെന്നും പരഞ്ജീത് പറഞ്ഞു. താരങ്ങളുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. ഡൽഹി കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കിയിരുന്നു.