India
മലയിടുക്കിൽ എയർഫോഴ്സ് ഹീറോയിസം; ഇത്തവണ രക്ഷകരായത് കർണാടകയിൽ-വിഡിയോ
India

മലയിടുക്കിൽ എയർഫോഴ്സ് ഹീറോയിസം; ഇത്തവണ രക്ഷകരായത് കർണാടകയിൽ-വിഡിയോ

Web Desk
|
21 Feb 2022 1:47 PM GMT

ഡൽഹി സ്വദേശിയായ 19കാരൻ നിഷാങ്ക് ശർമയാണ് കഴിഞ്ഞ ദിവസം നന്ദിഹിൽസിലെ ബ്രഹ്‌മഗിരി മലയിൽ ട്രെക്കിങ്ങിനിടെ കാൽവഴുതിവീണ് 300 അടി താഴ്ചയിലുള്ള പാറയിടുക്കിൽ കുടുങ്ങിയത്

പാലക്കാട് ചെറാട് സ്വദേശിയായ ആർ ബാബുവിനെ ഇനി മലയാളിക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാകില്ല. മലമ്പുഴയ്ക്കടുത്ത ചെറാട് മലയിൽ കുടുങ്ങിക്കിടന്ന ബാബു രണ്ടു രാത്രിയും ഒരു പകലുമാണ് മലയാളിയെയൊന്നാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തി ഒടുവില്‍ സൈനികച്ചിറകിലേറി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. സമാനമായൊരു സൈനികദൗത്യത്തിനാണ് കഴിഞ്ഞ ദിവസം കർണാടക സാക്ഷിയായത്. ട്രെക്കിങ്ങിനിടെ 300 അടി താഴ്ചയിലുള്ള പാറയിടുക്കിൽ കുടുങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥി നിഷാങ്ക് ശർമയെയാണ് വ്യോമസേന രക്ഷിച്ചത്.

19കാരനായ നിഷാങ്ക് ഇന്നലെ ഒറ്റയ്ക്ക് ബെംഗളൂരുവിലെ നന്ദിഹിൽസിലെ ബ്രഹ്‌മഗിരി പാറക്കെട്ടിൽ ട്രെക്കിങ്ങിനെത്തിയതായിരുന്നു. ഇതിനിടയിൽ കാൽവഴുതി 300 അടി താഴ്ചയിൽ പാറയിടുക്കിലേക്ക് പതിച്ചു. ബാബുവിന് സമാനമായി വൻതാഴ്ചയിലേക്ക് പതിക്കുന്നതിനു പകരം ഭാഗ്യംകൊണ്ട് മാത്രം നിഷാങ്കും ഒരു പാറയിടുക്കിൽ കുടുങ്ങി. ഉടൻ 19കാരൻ പൊലീസിനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.


പൊലീസിന് ലൊക്കേഷൻ കൈമാറുകയും ചെയ്തു. ഉടൻതന്നെ പൊലീസ് എസ്.ഡി.ആർ.എഫ്, എൻ.ഡി.ആർ.എഫ് സംഘത്തോടൊപ്പം സ്ഥലത്തെത്തിയെങ്കിലും ദുഷ്‌ക്കരമായ പ്രദേശമായതിനാൽ രക്ഷിക്കാനായില്ല. തുടർന്നാണ് വ്യോമസേനയെ വിവരം അറിയിച്ചത്.

ചിക്കബല്ലാപുര ഡെപ്യൂട്ടി കമ്മിഷണർ യെലഹങ്കയിലെ വ്യോസേനാ താവളത്തിലേക്ക് എസ്.ഒ.എസ് സന്ദേശം അയയ്ക്കുകയും ചെയ്തു. ഉടൻതന്നെ മി17 ഹെലികോപ്ടറുമായി വ്യോമസേന സ്ഥലത്തേക്ക് പറന്നെത്തി. വൈകാതെത്തന്നെ പാറയിടുക്കിൽ കുടുങ്ങിക്കിടക്കുന്ന നിഷാങ്കിനെ സൈന്യത്തിന് കണ്ടെത്താനായി. ഹെലികോപ്ടർ ഇറങ്ങാൻ പറ്റുന്ന സ്ഥലമല്ലാത്തതിനാൽ പരമാവധി താഴ്ചയിൽ പറന്ന് സുരക്ഷാകയർ ഇട്ടുകൊടുത്തു. ഇതിൽ പിടിച്ച് നിഷാങ്ക് ഹെലികോപ്ടറിൽ കയറി. തുടർന്ന് ഏറ്റവുമടുത്തുള്ള യെലഹങ്ക സൈനിക ആശുപത്രിയിലെത്തിച്ച് അടിയന്തര ആരോഗ്യ പരിചരണം നൽകുകയായിരുന്നു.

ഡൽഹി സ്വദേശിയാണ് നിഷാങ്ക് ശർമ. ബെംഗളൂരുവിലെ ഒരു എൻജിനീയറിങ് കോളേജിൽ ബിരുദവിദ്യാർത്ഥിയാണ്.

Summary: IAF rescues 19-year-old trekker who fell into 300-ft gorge at Karnataka's Nandi Hills

Similar Posts