India
ബെഡ്റൂമിൽ ഇന്റ​ർനെറ്റ് ലഭിക്കാത്തതിന് ടെലികോം ജീവനക്കാരെ ഐ.എ.എസ് ഓഫീസർ മർദ്ദിച്ചെന്ന് പരാതി
India

ബെഡ്റൂമിൽ ഇന്റ​ർനെറ്റ് ലഭിക്കാത്തതിന് ടെലികോം ജീവനക്കാരെ ഐ.എ.എസ് ഓഫീസർ മർദ്ദിച്ചെന്ന് പരാതി

Web Desk
|
4 Jan 2024 9:40 AM GMT

കമ്പിയും വടിയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു

മുംബൈ: ബെഡ്റൂമിനകത്ത് ഇന്റർനെറ്റിന് റെയ്ഞ്ച് കിട്ടുന്നില്ലെന്നാരോപിച്ച് സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരെ ഐ.എ.എസ് ഓഫീസറും സഹോദരനും ചേർന്നു മർദ്ദിച്ചതായി പരാതി. സംഭവത്തിൽ മഹാരാഷ്ട്ര വാട്ടർ സപ്ലൈ ആന്റ് സാനിറ്റേഷൻ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയും ഐഎഎസ് ഓഫീസറുമായ അമൻ മിത്തൽ, സഹോദരൻ ദേവേഷ് മിത്തൽ, നാല് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ​പൊലീസ് കേസെടുത്തു.

അമൻ മിത്തലിന്റെ വസതിയിലെ ഇന്റർനെറ്റ് റൂട്ടറിന് തകരാറുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ ഡിസംബർ 30 ന് ഏയർടെൽ കമ്പനിയുടെ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. തകരാർ പരിഹരിച്ച ശേഷവും ബെഡ്റൂമിൽ ലഭിക്കുന്ന ഇന്റർനെറ്റിന് റെയ്ഞ്ച് കുറവാണെന്ന് പറഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ടെലികോം കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന സാഗർ മാന്ധ്രെ (27), സെയിൽസിലെ ജീവനക്കാരനായ ഭൂഷൺ ഗുജാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. അമൻ മിത്തലും സഹോദരനും നാല് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് കമ്പിയും വടിയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.

മർദ്ദനത്തിനൊടുവിൽ അമൻ മിത്തൽ വിളിച്ചുവരുത്തിയ പൊലീസാണ് ടെലികോം ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്കും മറ്റും മാറ്റിയത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇരുകൂട്ടരും നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

Related Tags :
Similar Posts