'ദേശീയ സുരക്ഷക്ക് ഭീഷണി'; എട്ട് യൂട്യൂബ് വാർത്താ ചാനലുകൾക്ക് വിലക്ക്
|ഇന്ത്യയിലെ മത വിഭാഗങ്ങൾക്കിടയിൽ പരസ്പര വിദ്വേഷം പടർത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ് ഈ ചാനലുകളിലെ ഉള്ളടക്കങ്ങളെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് എട്ട് യൂട്യൂബ് ചാനലുകൾക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടപടി. 114 കോടി കാഴ്ചക്കാരും 85 ലക്ഷം സബ്‌സ്‌ക്രൈബർമാരുമുള്ള ചാനലുകളുമാണ് നിരോധിച്ചിരിക്കുന്നതെന്ന് വാർത്താവിനിമയ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഏഴ് ഇന്ത്യൻ ചാനലുകളും ഒരു പാകിസ്താൻ ചാനലുമാണ് നിരോധിച്ചത്.
.@MIB_India blocks 8 YouTube channels, 1 Facebook Account & 2 FB posts for spreading disinformation related to India's national security, foreign relations & public order
— PIB India (@PIB_India) August 18, 2022
The YT channels were used to post fake news on the Indian Armed Forces, J&K, etc.
🔗https://t.co/FHeROCOBrb pic.twitter.com/PtLET2Ghuh
ആകെ 114 കോടി കാഴ്ചക്കാരും 85 ലക്ഷം സബ്‌സ്‌ക്രൈബർമാരുമുള്ള ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്. ലോക് തന്ത്ര ടിവി (12.90 ലക്ഷം സബ്‌സ്‌ക്രൈബർമാർ), യു&വി ടിവി ( 10.20 ലക്ഷം സബ്‌സ്‌ക്രൈബർമാർ), എഎം റാസ് വി (95,900 സബ്‌സ്‌ക്രൈബർമാർ), ഗൗരവ്ഷാലി പവൻ മിതിലാഞ്ചൽ( 7 ലക്ഷം സബ്‌സ്‌ക്രൈബർമാർ), സർക്കാരി അപ്‌ഡേറ്റ് (80,900 സബ്‌സ്‌ക്രൈബർമാർ) സബ് കുച്ഛ് ദേഖോ (19.40 ലക്ഷം സബ്‌സ്‌ക്രൈബർമാർ) തുടങ്ങിയവയാണ് നിരോധിക്കപ്പെട്ട ഇന്ത്യയിൽ നിന്നുള്ള ചാനലുകൾ. ന്യൂസ് കി ദുനിയ (97,000 സബ്‌സ്‌ക്രൈബർ) എന്ന ചാനലാണ് പാകിസ്താനിൽ നിന്നുള്ളത്.
ഇന്ത്യയിലെ മത വിഭാഗങ്ങൾക്കിടയിൽ പരസ്പര വിദ്വേഷം പടർത്തുകയെന്ന ഉദ്ദേശ്യത്തോടുകൂടിയുള്ളതാണ് ഈ ചാനലുകളിലെ ഉള്ളടക്കങ്ങളെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. മതപരമായ നിർമിതികൾ തർക്കുന്നതിന് സർക്കാർ ഉത്തരവിടുന്നു, മതപരമായ ആഘോഷങ്ങൾ സർക്കാർ വിലക്കുന്നു, ഇന്ത്യയിൽ മതയുദ്ധം പ്രഖ്യാപിക്കുന്നു തുടങ്ങിയ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവയാണ് നിരോധിക്കപ്പെട്ട ചാനലുകളിലെ പല വീഡിയോകളും. അത്തരം ഉള്ളടക്കം രാജ്യത്ത് സാമുദായിക അനൈക്യം സൃഷ്ടിക്കാനും പൊതു ക്രമം തകർക്കാനും സാധ്യതയുള്ളവയാണെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വ്യാജവും ഉദ്വേഗജനകവുമായ തമ്പ് നെയ്‌ലുകളാണ് ഈ ചാനലുകളിലെ വീഡിയോകൾക്കുള്ളത്. വാർത്താ അവതാരകരുടേയും മറ്റ് വാർത്താ ചാനലുകളുടെ ലോഗോയും ഉപയോഗിച്ച് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ച് വാർത്തകൾ ശരിയാണെന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമം നടന്നതായും പ്രസ്താവനയിൽ പറയുന്നു.