ഓരോ സംസ്ഥാനത്തും 100 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം; അമിത് ഷാ
|കുടിയേറ്റക്കാരെ അയൽ രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിലും ഇവരെ ലക്ഷ്യമിട്ടുള്ള അടിച്ചമർത്തൽ തുടരണമെന്നും ആഭ്യന്തരമന്ത്രി
ന്യൂഡൽഹി: അനധികൃതകുടിയേറ്റക്കാരെ കണ്ടെത്തി തടവിലാക്കി നാടുകടത്തണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഓരോ സംസ്ഥാനത്തും നൂറോളം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അവരുടെ രേഖകൾ പരിശോധിക്കാനും കഴിയുമെങ്കിൽ അവരെ അറസ്റ്റ് ചെയ്ത് നാടുകടത്താനും ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി 'ദി ഹിന്ദു'റിപ്പോർട്ട് ചെയ്യുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ അയൽ രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിലും ഇവരെ ലക്ഷ്യമിട്ടുള്ള അടിച്ചമർത്തൽ തുടരണമെന്ന് ആഭ്യന്തരമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നവംബർ ഒമ്പതിന് നടന്ന ഇന്റലിജൻസ് ബ്യൂറോ യോഗത്തിലായിരുന്നു അമിത് ഷായുടെ നിർദേശം.
അതിർത്തി ജില്ലകളിലെ ജനസംഖ്യാപരമായ മാറ്റങ്ങളിലും സമൂലവൽക്കരണത്തിലും കർശനമായ ജാഗ്രത പുലർത്താനും അമിത് ഷാ മുമ്പും ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റിൽ സംസ്ഥാന പൊലീസ് മേധാവികൾ പങ്കെടുത്ത ഇന്റലിജൻസ് ബ്യൂറോ ദേശീയ സുരക്ഷാ സ്ട്രാറ്റജീസ് കോൺഫറൻസിലായിരുന്നു അമിത്ഷാ ഇക്കാര്യം അറിയിച്ചത് .
ഉത്തർപ്രദേശിലെയും ബിഹാറിലെയും അതിർത്തി ജില്ലകളിൽ വർധിച്ചുവരുന്ന മുസ്ലിം ജനസംഖ്യയെക്കുറിച്ച് ഐബി ഈ യോഗത്തിൽ പ്രബന്ധം അവതരിപ്പിച്ചിരുന്നു. ദേശീയ കുടുംബാരോഗ്യ സർവേ ഡാറ്റയിൽ പറഞ്ഞിരിക്കുന്നത് പോലെ ഈ പ്രദേശങ്ങളിലെ ദാരിദ്ര്യവുമായി ഈ ജനസംഖ്യാ മാറ്റങ്ങൾക്ക് ബന്ധമുണ്ടെന്നായിരുന്നു ഐബിയുടെ വാദം. എന്നാൽ അമിത് ഷായ്ക്ക് വിശദീകരണം ബോധ്യപ്പെട്ടില്ലെന്നും ഇത്തരം മാറ്റങ്ങൾക്ക് കാരണമായ ഘടകങ്ങളെ കുറിച്ച് സമഗ്രമായി വിശകലനം ചെയ്യണമെന്നും യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്
അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യാ വളർച്ച ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നും സ്ഥിരമായ വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രസ്താവിക്കുന്ന ഒരു പ്രബന്ധം ഉത്തർപ്രദേശ് പൊലീസും അവതരിപ്പിച്ചിരുന്നു. 2021 നവംബർ 19 മുതൽ 21 വരെ നടന്ന വാർഷിക ഡയറക്ടർ ജനറൽ ഓഫ് പൊലീസ് കോൺഫറൻസിലായിരുന്നു ഈ പ്രബന്ധം അവതരിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മസ്ജിദുകളുടെയും മദ്രസകളുടെയും ഗണ്യമായ വർധനവ് അതിർത്തിയുടെ ഇരുവശത്തുമുള്ള ജനസംഖ്യാപരമായ മാറ്റത്തിന്റെ കാരണമാണെന്നും ഇതിൽ പറയുന്നു
രാജ്യത്തെ ഭീകരവാദം, തീവ്രവാദ ഭീഷണി, സൈബർ സുരക്ഷ, അതിർത്തി സുരക്ഷ, തുടങ്ങി ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഷാ വിപുലമായ ചർച്ചകൾ നടത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിലും പറയുന്നു.