India
ഈ എ.ടി.എമ്മില്‍ നിന്നും കാശല്ല കിട്ടുന്നത്, പകരം ഇഡ്ഡലിയും ചട്നിയും; വൈറലായി വീഡിയോ
India

ഈ എ.ടി.എമ്മില്‍ നിന്നും കാശല്ല കിട്ടുന്നത്, പകരം ഇഡ്ഡലിയും ചട്നിയും; വൈറലായി വീഡിയോ

Web Desk
|
15 Oct 2022 3:25 AM GMT

ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകരായ ശരൺ ഹിരേമത്തും സുരേഷ് ചന്ദ്രശേഖരനും ചേർന്ന് സ്ഥാപിച്ച ഫ്രെഷോട്ട് റോബോട്ടിക്‌സ് എന്ന സ്റ്റാർട്ടപ്പിന്‍റെ കണ്ടുപിടിത്തമാണ് ഇഡ്ഡലി വെന്‍ഡിംഗ് മെഷീന്‍

ബെംഗളൂരു- ഇഡ്ഡലി ഇഷ്ടമില്ലാത്ത ദക്ഷിണേന്ത്യക്കാര്‍ ചുരുക്കമായിരിക്കും. രാവിലെ നല്ല പൂ പോലത്തെ ഇഡ്ഡലിയും ചട്നിയും ഒപ്പം ചൂടുവടയും കൂടി കിട്ടിയാല്‍ നമ്മുടെ പ്രഭാതഭക്ഷണം സമൃദ്ധമായിരിക്കും. ഏതു സമയത്തും ഇഡ്ഡലി കിട്ടണമെന്നു വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ല. എന്നാല്‍ ബെംഗളൂരുവില്‍ ഈ എ.ടി.എം കൗണ്ടറിലെത്തിയാല്‍ 24 മണിക്കൂറും ഇഡ്ഡലി ലഭിക്കും. ഒപ്പം ചട്നിയും.

ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭകരായ ശരൺ ഹിരേമത്തും സുരേഷ് ചന്ദ്രശേഖരനും ചേർന്ന് സ്ഥാപിച്ച ഫ്രെഷോട്ട് റോബോട്ടിക്‌സ് എന്ന സ്റ്റാർട്ടപ്പിന്‍റെ കണ്ടുപിടിത്തമാണ് ഇഡ്ഡലി വെന്‍ഡിംഗ് മെഷീന്‍. ദിവസവും മുഴുവന്‍ ഇഡ്ഡലി ലഭിക്കുമെന്നാണ് ഇതിന്‍റെ പ്രത്യേകത. ബെംഗളൂരുവിലുള്ള ഒരു റെസ്‌റ്റോറന്‍റിലാണ് ഇഡ്ഡലി വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. മെനുവില്‍ ഇഡ്ഡലി, വട, പൊടി ഇഡ്ഡലി എന്നിവ ഉള്‍പ്പെടുന്നു. വെന്‍ഡിംഗ് മെഷീനിലെ ആപ്ലിക്കേഷന്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ഓണ്‍ലൈന്‍ പേയ്‌മെന്‍റ് ചെയ്ത് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഓര്‍ഡര്‍ നല്‍കി മിനിറ്റുകള്‍ക്കുള്ളില്‍ വൃത്തിയായി പാക്ക് ചെയ്ത ഇഡ്ഡലി നമ്മുടെ കൈകളിലെത്തും. ഒരു യുവതി എ.ടി.എമ്മില്‍ നിന്നും ഇഡ്ഡലി വാങ്ങുന്നതിന്‍റെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

സ്വന്തം അനുഭവത്തില്‍ നിന്നാണ് ശരണ്‍ ഹിരേമത്തിന് ഇഡ്ഡലി മെഷീനെക്കുറിച്ചുള്ള ആശയം ലഭിക്കുന്നത്. 2016ല്‍ ശരണിന്‍റെ അസുഖബാധിതയായ മകള്‍ക്ക് ഇഡ്ഡലി കഴിക്കാന്‍ ആഗ്രഹം തോന്നി. രാത്രിയായതിനാല്‍ റസ്റ്റോറന്‍റുകളൊന്നും തുറന്നിരുന്നില്ല. അങ്ങനെയാണ് ഏതു സമയത്തും ഇഡ്ഡലി കിട്ടുന്ന സംവിധാനത്തെക്കുറിച്ച് ചിന്തിക്കുന്നത്. നിലവില്‍ ബെംഗളൂരുവിലെ രണ്ടിടങ്ങളിലാണ് ഇഡ്ഡലി വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. ഓഫീസുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലും മെഷീന്‍ സ്ഥാപിക്കാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ട്. ദോശ, ചോറ്, ജ്യൂസ് എ.ടി.എം മെഷീനുകളും ഇവര്‍ ലക്ഷ്യമിടുന്നുണ്ട്.

Related Tags :
Similar Posts