''ബി.ജെ.പിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'': വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി
|''300 സീറ്റുകൾ ലഭിച്ചപ്പോൾ ഞങ്ങൾ രാമക്ഷേത്രം നിർമ്മിച്ചു. ഇനി 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും''
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നാനൂറിലധികം സീറ്റുകൾ ലഭിച്ചാൽ വാരാണാസിയിൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
"ബിജെപി സർക്കാർ (അയോധ്യയിൽ) രാമക്ഷേത്രം വാഗ്ദാനം ചെയ്തിരുന്നു, ആ വാഗ്ദാനം സർക്കാർ പാലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി," ഡല്‍ഹി ലക്ഷ്മി നഗറിലെ ബി.ജെ. പി സ്ഥാനാർത്ഥി ഹർഷ് മൽഹോത്രയുടെ തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.
''ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറോട് നിങ്ങൾ എന്തിനാണ് ഡബിൾ സെഞ്ച്വറിയോ ട്രിപ്പിൾ സെഞ്ചുറിയോ അടിക്കുന്നത് എന്ന് ചോദിച്ചാല്‍ ഉത്തരമുണ്ടാകില്ല. അപ്പോഴും കോൺഗ്രസ് ഞങ്ങളോട് ചോദിക്കുകയാണ്, നിങ്ങള്‍ക്ക് എന്തിനാണ് 400 സീറ്റുകള്‍ എന്ന്? അതിനുള്ള ഉത്തരം ഇതാണ്, 300 സീറ്റുകൾ ലഭിച്ചപ്പോൾ ഞങ്ങൾ രാമക്ഷേത്രം നിർമ്മിച്ചു.ഇനി 400 സീറ്റുകൾ ലഭിച്ചാല്‍ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും''- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
യുപിഎയുടെ ഭരണകാലത്ത് പാക് അധീന കശ്മീർ (പിഒകെ) വിഷയത്തിൽ പാർലമെന്റില്‍ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്നും ശർമ്മ പറഞ്ഞു.
"കഴിഞ്ഞ ഏഴ് ദിവസമായി, പാക് അധീന കശ്മീരില്‍ കാര്യങ്ങള്‍ മറിയുന്നുണ്ട്. എല്ലാ ദിവസവും പ്രക്ഷോഭം നടക്കുന്നു, ആളുകൾ കൈകളിൽ ഇന്ത്യൻ പതാകയുമായി പാകിസ്ഥാനെതിരെ പ്രതിഷേധിക്കുന്നു. ഇതൊക്കെ കാണുമ്പോൾ വലിയൊരു തുടക്കം മാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. മോദിക്ക് കീഴില്‍ 400 സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാകും''- ശർമ്മ കൂട്ടിച്ചേർത്തു.
അതേസമയം ഒഡീഷയിലെ ഭുവനേശ്വറിൽ മറ്റൊരു റാലിയെ അഭിസംബോധന ചെയ്യവെ, രാജ്യത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) ആവശ്യമാണെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഹിന്ദുവിന് ഒരു ഭാര്യയെയാണ് അനുവദനീയമാകുന്നതെങ്കില്‍ എന്തുകൊണ്ടാണ് മറ്റ് മതങ്ങളിൽപ്പെട്ട ആളുകൾക്ക് ഒന്നിലധികം ഭാര്യമാരെ അനുവദിക്കാനാവുക, രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ആവശ്യമാണെന്നും ശർമ്മ പറഞ്ഞു.