ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി
|182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയിലേക്ക് രണ്ട് ഘട്ടമായി ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
അഹമ്മദാബാദ്: ഭൂരിപക്ഷം ലഭിച്ചാൽ ഭൂപേന്ദ്ര പട്ടേൽ തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സി.എൻ.എൻ-ന്യൂസ്18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. 2021 സെപ്റ്റംബറിലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ ബി.ജെ.പി ഗുജറാത്ത് മുഖ്യമന്ത്രിയാക്കിയത്.
ഇത്തവണയും ഘട്ലോദിയ മണ്ഡലത്തിൽനിന്നാണ് ഭൂപേന്ദ്ര പട്ടേൽ ജനവിധി തേടുന്നത്. തുടർച്ചയായി ഏഴാം തവണയും ഗുജറാത്തിൽ ഭരണം പിടിക്കാനൊരുങ്ങുകയാണ് ബി.ജെ.പി.
ഇസുദൻ ഗാധ്വിയെ ആം ആദ്മി പാർട്ടി തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസ് ഇതുവരെ ആരാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് പറഞ്ഞിട്ടില്ല.
182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭയിലേക്ക് രണ്ട് ഘട്ടമായി ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി 99 സീറ്റുകളാണ് നേടിയത്. കോൺഗ്രസ് 77 സീറ്റുകൾ നേടി നില മെച്ചപ്പെടുത്തിയിരുന്നു.