വരുന്ന തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിച്ചാല്‍ നരേന്ദ്ര പുടിനെ കാണേണ്ടി വരുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
|മോദി ഇപ്പോൾ തന്നെ സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും വീണ്ടും അധികാരത്തിൽ വന്നാൽ ‘സമ്പൂർണ ഏകാധിപതി’ ആകുമെന്നും മന്‍ പറഞ്ഞു
ചണ്ഡീഗഡ്: 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നരേന്ദ്ര പുടിൻ’ ആയി മാറുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. മോദി ഇപ്പോൾ തന്നെ സ്വേച്ഛാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും വീണ്ടും അധികാരത്തിൽ വന്നാൽ ‘സമ്പൂർണ ഏകാധിപതി’ ആകുമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി നേതാക്കൾ മോദിയെ ഇന്ത്യയുടെ ‘മാലിക്’ ആയി കണക്കാക്കാൻ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.140 കോടി ഇന്ത്യാക്കാർ ഇന്ത്യയെ രക്ഷിക്കാൻ തീരുമാനിച്ചാൽ രാജ്യം രക്ഷപ്പെടുമെന്നും മന്‍ പറഞ്ഞു. ബി.ജെ.പി രാജ്യത്തെ മതത്തിന്‍റെ പേരിൽ വിഭജിക്കുകയാണെന്ന് മൻ നേരത്തെ ആരോപിച്ചിരുന്നു. ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇത് രാജ്യത്ത് ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലും കർഷകരുടെ പ്രതിഷേധത്തിലും ബിജെപി വിമർശനം നേരിടുമ്പോഴാണ് മന്നിന്‍റെ വിമര്‍ശനം.
അതേസമയം കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ആം ആദ്മി ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ മഹാറാലി സംഘടിപ്പിച്ചു. ഞായറാഴ്ചയായിരുന്നു പ്രതിഷേധം. ''രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാണ്. താൻ ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകി. അതേസമയം മോദി തന്റെ കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക് എല്ലാം സൗജന്യമായി നൽകുകയായിരുന്നു. സുപ്രിംകോടതി ഉത്തരവിനെ മാനിക്കാത്ത ധാർഷ്ട്യക്കാരനാണ് പ്രധാനമന്ത്രി. സുപ്രിംകോടതിയിൽ പ്രധാനമന്ത്രിക്ക് വിശ്വാസമില്ല. ഏകാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. മോദി സർക്കാർ ജനജീവിതം ദുസ്സഹമാക്കി. എൽ.പി.ജി വില കുത്തനെ ഉയർന്നു. മോദി സർക്കാരിന് കീഴിൽ രാജ്യത്ത് വികസനം മുരടിച്ചെന്നും '' റാലിയില്‍ പങ്കെടുത്തുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു.