India
If buffaloes, oxen can be slaughtered, why not cows Says Karntaka minister
India

പോത്തുകളെ കശാപ്പ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് പശുവിനെ ആയിക്കൂടെന്ന് കർണാടക മന്ത്രി; ​ഗോവധ നിരോധനനിയമ ഭേദ​ഗതിക്കൊരുങ്ങി സർക്കാർ

Web Desk
|
4 Jun 2023 1:01 PM GMT

കർഷകരെ സഹായിക്കുന്ന ഒരു തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

മൈസൂരു: പോത്തിനെയും കാളയേയും കശാപ്പ് ചെയ്യമെങ്കിൽ എന്തുകൊണ്ട് പശുവിനെ ആയിക്കൂടെന്ന് കർണാടക മന്ത്രി. ​മൃഗസംരക്ഷണ മന്ത്രി ടി. വെങ്കിടേഷ് ആണ് സംസ്ഥാനത്തെ ​​ഗോവധ നിരോധന നിയമം ഭേദ​ഗതി ചെയ്യുമെന്ന സൂചന നൽകി രം​ഗത്തെത്തിയത്. കർഷകരെ സഹായിക്കുന്ന ഒരു തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

കർണാടക കശാപ്പ് നിരോധന നിയമവും കന്നുകാലി സംരക്ഷണ നിയമവും പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ചകൾക്ക് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മൈസൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വെങ്കിടേഷ് പറഞ്ഞു. വയസായ കന്നുകാലികളെ പോറ്റാൻ കർഷകർ കഷ്ടപ്പെടുകയാണ്.

അത്തരം കാലികൾ ചത്താൽ അതിനെ ഒഴിവാക്കാൻ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നു നാലു പശുക്കളെ തന്റെ വീട്ടിലും വളർത്തിയിരുന്നതായും അതിനാൽ അതിന്റെ ബുദ്ധിമുട്ട് തനിക്കറിയാമെന്നും വെങ്കിടേഷ് പറഞ്ഞു. 'ഒരു പശു ചത്തപ്പോൾ അതിനെ സംസ്കരിക്കാൻ ഞങ്ങൾ ഏറെ പാടുപെട്ടു. മൃതദേഹം ഉയർത്താൻ 25ഓളം പേർ എത്തിയെങ്കിലും സാധിച്ചില്ല. പിന്നീട് ജെസിബി കൊണ്ടുവന്നാണ് മൃതദേഹം ഉയർത്തിയത്'- അദ്ദേഹം കൂട്ടിച്ചേർത്തു.

2021ൽ ബിജെപി സർക്കാർ പാസാക്കിയ കർണാടക ഗോവധ നിരോധനവും പശു സംരക്ഷണവും (ഭേദഗതി) ബിൽ ആണ് പുതിയ കോൺഗ്രസ് സർക്കാർ ഭേദ​ഗതി ചെയ്യാനൊരുങ്ങുന്നത്. 12 വയസിന് മുകളിലുള്ള കന്നുകാലികളെ ആൺ പെൺ വ്യത്യാസമില്ലാതെ കശാപ്പ് ചെയ്യാന്‍ അനുവദിക്കുന്ന നിയമം 1964 മുതൽ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നു.

പ്രായം അധികമായാലോ പ്രജനനത്തിന് സാധിക്കാത്തതോ രോഗം പിടിപെട്ടാലോ വധിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. എന്നാൽ മുമ്പ് ബിജെപി ഭരിക്കവെ 2010ലും 2012ലുമായി പശുക്കശാപ്പ് നിരോധിച്ച് രണ്ട് ബില്ലുകൾ സർക്കാർ കൊണ്ടുവന്നെങ്കിലും 2014ൽ കോൺഗ്രസ് സർക്കാർ അത് പിൻവലിച്ചു. എന്നാൽ 2021ൽ യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വീണ്ടും ഗോവധം നിരോധിച്ചു.

പശുക്കളെയും കാളകളെയും വിൽക്കുന്നതും ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും നിയമം വഴി നിരോധിച്ചിരുന്നു. ഈ വിവാദ നിയമമാണ് ഇപ്പോൾ വീണ്ടും കോൺ​ഗ്രസ് സർക്കാർ ഭേദ​ഗതി വരുത്താനൊരുങ്ങുന്നത്. ബിജെപി സർക്കാരിന്റെ വിവാദ നിയമങ്ങൾ അധികാരത്തിലെത്തിയാൽ പിൻവലിക്കുകയോ ഭേദഗതി വരുത്തുകയോ ചെയ്യുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Similar Posts