India
If Election Commissioners are appointed according to the recent bill free and fair elections will become a chimera Says Justice RF Nariman
India

പുതിയ ബിൽ പ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചാൽ സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ വെറും സങ്കൽപ്പമാവും; ജസ്റ്റിസ് ആർ.എഫ് നരിമാൻ

Web Desk
|
22 Dec 2023 10:24 AM GMT

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരെ തെരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് കേന്ദ്രം കൊണ്ടുവന്ന പുതിയ ബില്‍.

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന രീതി മാറ്റുന്ന പുതിയ ബില്ലിന്റെ അപകടം ചൂണ്ടിക്കാട്ടി സുപ്രിംകോടതി ജഡ്ജ് ജസ്റ്റിസ് ആർ.എഫ് നരിമാൻ. പാർലമെന്റ് പാസാക്കിയ ബിൽ പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും കമ്മീഷണർമാരെയും നിയമിച്ചാൽ സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പുകൾ ഒരു സങ്കൽപ്പമായി മാറുമെന്ന് അദ്ദേഹം തുറന്നടിച്ചു.

'തെരഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ നിയമിക്കണമെന്ന് സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അത് വളരെ പ്രധാനമപ്പെട്ടതാണ്. കാരണം, തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഏതെങ്കിലും പാർട്ടിക്കാരാണെങ്കിൽ അവിടെ സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പുകൾ നടക്കില്ല, അവിടെ ജനാധിപത്യമുണ്ടാവില്ല'.

'പാർലമെന്റ് നിയമം നിർമിക്കുന്നതുവരെ തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് നിഷ്പക്ഷ സമിതി രൂപീകരിക്കാനാണ് കോടതി ഉത്തരവിട്ടത്. പ്രധാനമന്ത്രി, സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടുന്ന സമിതിയാകണം തെരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവിട്ടിരുന്നു'.

'എന്നാൽ, നിർഭാഗ്യവശാൽ രാജ്യസഭയിൽ അവതരിപ്പിക്കപ്പെട്ട ഒരു ബിൽ ഇപ്പോൾ ലോക്‌സഭയും കടന്ന് നിയമമാകാൻ പോവുന്നു. അധികം വൈകാതെ അത് നിയമമാകും. അത് പ്രകാരം, തെരഞ്ഞെടുപ്പു കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്ന സമിതിയിൽ ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന ക്യാബിനറ്റ് മന്ത്രിയായിരിക്കും'.

'ഇത് ഏറെ ആശങ്കാജനകമായ കാര്യമാണ്. ഈ രീതിയിൽ, അതായത്, പാർലെമെന്റ് പാസാക്കിയ ബിൽ പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിച്ചാൽ സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പുകൾ സങ്കൽപ്പമായി മാറും'- അദ്ദേഹം വിശദമാക്കി.

ഹ്രസ്വ ചർച്ചയ്ക്ക് ശേഷം ശബ്‌ദ വോട്ടോടെയാണ് ലോക്സഭ ബിൽ പാസാക്കിയത്. രാജ്യസഭയിൽ നേരത്തെ തന്നെ പാസാക്കിയ ബിൽ രാഷ്‌ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. ഇതോടെയാണ് ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി സുപ്രിംകോടതിയിലെ ജഡ്ജ് തന്നെ രൂക്ഷ വിമർശനമുന്നയിച്ചത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാർ എന്നിവരെ തെരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് കേന്ദ്രം കൊണ്ടുവന്ന പുതിയ ബില്‍. ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയാകും സമിതിയിലുണ്ടാകുക. പ്രധാനന്ത്രിക്കും കേന്ദ്രമന്ത്രിക്കുമൊപ്പം ലോക്‌സഭാ പ്രതിപക്ഷ നേതാവും സമിതിയിലുണ്ടാകും. 1991ലെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമത്തിന് പകരമുള്ളതാണ് പുതിയ ബിൽ.

ബില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും എടുത്തുകളയുന്നതാണെന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാൽ ലോക്‌ഭയിലെ മൂന്നില്‍ രണ്ട് പ്രതിപക്ഷ അംഗങ്ങളും പുറത്തുനില്‍ക്കവെയാണ് കേന്ദ്രം ബില്‍ പാസാക്കിയെടുത്തത്.

മാർച്ച് രണ്ടിനാണ്, തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന് നിഷ്പക്ഷ സമിതി രൂപീകരിക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്. കമ്മീഷനെ സ്വതന്ത്രമാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകുന്നവർ അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യം വിജയിക്കൂ എന്നും ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Similar Posts