അധികാരത്തിലെത്തിയാൽ സംവരണം 50 ശതമാനത്തിനു മുകളിലേക്ക് ഉയർത്തും; രാഹുൽ ഗാന്ധി
|എൻഡിഎയ്ക്ക് 150 സീറ്റുകൾ പോലും ലഭിക്കില്ലെന്നും രാഹുൽ ഗാന്ധി
ഡൽഹി: കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ സംവരണത്തിന്റെ 50 ശതമാനം പരിധി എന്നത് എടുത്തുകളയുമെന്നും സംവരണം 50 ശതമാനത്തിനു മുകളിലേക്ക് ഉയർത്തുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളുടെ താൽപര്യം മുൻനിർത്തിയാണ് കോൺഗ്രസ് ഈ വാഗ്ദാനം നൽകുന്നതെന്നും രാഹുൽ പറഞ്ഞു.
''സംവരണം തട്ടിയെടുക്കുന്നതിനെകുറിച്ചും അവസാനിപ്പിക്കുന്നതിനെകുറിച്ചും ചിലർ നടത്തുന്ന സംസാരം അവസാനിപ്പിക്കണം. ഞങ്ങൾ അത് 50 ശതമാനത്തിന് മുകളിൽ ഉയർത്താൻ പോകുകയാണ് '' മധ്യപ്രദേശിലെ രത്ലാമിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് 150 സീറ്റുകൾ പോലും ലഭിക്കില്ലെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു.
''ബിജെപി നേതാക്കൾ ഭരണഘടന മാറ്റുമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 'അബ്കി ബാർ, 400 പാർ' എന്ന മുദ്രാവാക്യമാണ് അവർ ഉയർത്തിക്കാട്ടുന്നത്. 400 പോയിട്ട് അവർക്ക് 150 സീറ്റ് പോലും ലഭിക്കില്ല. ബി.ജെ.പിയും ആർ.എസ്.എസും പൊളിച്ചെഴുതാനും മാറ്റാനും വലിച്ചെറിയാനും ആഗ്രഹിക്കുന്ന ഭരണഘടനയെ രക്ഷിക്കാനുള്ളതാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്,'' അദ്ദേഹം പറഞ്ഞു.
''പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ ആഗ്രഹിക്കുന്നു, കോൺഗ്രസും ഇന്ത്യൻ സഖ്യവും ഭരണഘടനയെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോത്രവർഗക്കാർക്കും ദലിതർക്കും ഒബിസികൾക്കും നൽകുന്ന സംവരണം തട്ടിയെടുക്കുമെന്ന് അവരുടെ നേതാക്കൾ പറഞ്ഞിട്ടുണ്ട്,'' രാഹുൽ പറഞ്ഞു.
അധികാരത്തിലെത്തിയാൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 250ൽ നിന്ന് 400 രൂപയായി ഉയർത്തുമെന്ന് കോൺഗ്രസ് നേതാവ് പറഞ്ഞു. കഴിഞ്ഞ മാസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മിനിമം വേതനം ഉയർത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.