അടുത്ത തവണ മത്സരിക്കേണ്ടി വന്നാല്‍ അതു മഥുരയില്‍ നിന്നു മാത്രമെന്ന് ഹേമമാലിനി എം.പി
|എന്‍ഡിഎ സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം തികയുന്ന വേളയിൽ മാധ്യമങ്ങളോട് സംവദിക്കുന്നതിനിടെയാണ് ഹേമമാലിനി ഇക്കാര്യം പറഞ്ഞത്
ഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടി വന്നാൽ മഥുര മണ്ഡലത്തിൽ നിന്ന് മാത്രമേ മത്സരിക്കൂവെന്ന് ബിജെപി എം.പി ഹേമമാലിനി.എന്‍ഡിഎ സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം തികയുന്ന വേളയിൽ മാധ്യമങ്ങളോട് സംവദിക്കുന്നതിനിടെയാണ് ഹേമമാലിനി ഇക്കാര്യം പറഞ്ഞത്.
അടുത്ത തെരഞ്ഞെടുപ്പിൽ മഥുരയിൽ നിന്ന് മാത്രമേ മത്സരിക്കൂ, മറ്റേതെങ്കിലും സീറ്റിൽ മത്സരിക്കണമെന്ന നിർദേശം വന്നാൽ അത് അംഗീകരിക്കില്ലെന്നും മാലിനി പറഞ്ഞു.മൂന്നാം തവണയും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാർട്ടി ആഗ്രഹിക്കുന്നുവെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തനിക്ക് പ്രശ്നമില്ലെന്ന് നടി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.മഥുരയിൽ നിന്ന് മാത്രം മത്സരിക്കാനുള്ള തന്റെ തീരുമാനത്തെ കുറിച്ച് വിശദീകരിച്ച അവർ, തനിക്ക് ശ്രീകൃഷ്ണനോടും അദ്ദേഹത്തിന്റെ ഭക്തരോടും അതിയായ സ്നേഹമുണ്ടെന്നും അവരെ സേവിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷമായി തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ പിൻബലത്തിൽ പ്രധാനമന്ത്രി മോദി മൂന്നാം തവണയും അധികാരത്തിൽ തിരിച്ചെത്തുമെന്ന് ബി.ജെ.പി എം.പി ആത്മവിശ്വാസം പ്രകടിപ്പിച്ചു.2014ലും 2019ലും മഥുര ലോക്സഭാ സീറ്റിൽ ബിജെപി ടിക്കറ്റിൽ ഹേമമാലിനി തുടർച്ചയായി രണ്ട് തവണ മത്സരിച്ചു വിജയിച്ചിരുന്നു.അതിനുമുമ്പ് അവർ രാജ്യസഭാംഗമായിരുന്നു.