'ഇന്ത്യ ലോകകപ്പ് നേടിയാൽ ഉപയോക്താക്കൾക്ക് 100 കോടി'; വാഗ്ദാനവുമായി ആസ്‌ട്രോടോക്ക് സി.ഇ.ഒ
|നാളെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനൽ.
ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ആസ്‌ത്രേലിയയെ തോൽപ്പിച്ച് ഇന്ത്യ കിരീടം ചൂടിയാൽ ഉപയോക്താക്കൾക്ക് 100 കോടി രൂപ വിതരണം ചെയ്യുമെന്ന് ഓൺലൈൻ ജ്യോതിഷ കമ്പനിയായ ആസ്‌ട്രോടോക്ക് സി.ഇ.ഒ പുനീത് ഗുപ്ത. 2011ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ താൻ കോളജ് വിദ്യാർഥിയായിരുന്നുവെന്നും അത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നുവെന്നും പുനീത് ഗുപ്ത ലിങ്കഡ്ഇൻ പോസ്റ്റിൽ പറഞ്ഞു.
''അന്ന് കളിയുടെ തലേ ദിവസം ഞങ്ങൾക്ക് ഉറങ്ങാൻ പറ്റിയില്ല. രാത്രി മുഴുവൻ കളി മാത്രമായിരുന്നു ചർച്ച ചെയ്തത്. ഞാൻ സുഹൃത്തുക്കളെ കെട്ടിപ്പിടിച്ചു. ഛണ്ഡീഗഢിൽ ഞങ്ങൾ ബൈക്ക് യാത്ര നടത്തി. തെരുവിൽ കണ്ടവരെയെല്ലാം ഞങ്ങൾ ആലിംഗനം ചെയ്തു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായി ദിവസമായിരുന്നു അത്''-പുനീത് ഗുപ്ത പറഞ്ഞു.
അവസാനമായി ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ തനിക്ക് വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് അവരോടൊപ്പമാണ് സന്തോഷം പങ്കിട്ടത്. ഇപ്പോൾ നിരവധി ആസ്‌ട്രോടോക്ക് ഉപയോക്താക്കൾ തന്റെ സുഹൃത്തുക്കളാണ്. അവരുമായെല്ലാം സന്തോഷം പങ്കുവെക്കണം. അതുകൊണ്ട് ഇന്ത്യ കിരീടം ചൂടുകയാണെങ്കിൽ ആസ്‌ട്രോടോക്ക് ഉപയോക്താക്കളുടെ വാലറ്റിൽ 100 കോടി രൂപ വിതരണം ചെയ്യാൻ തീരുമാനിച്ചെന്നും പുനീത് ഗുപ്ത പറഞ്ഞു.
നാളെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ലോകകപ്പ് ഫൈനൽ. ഉച്ചക്ക് രണ്ടിന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ആസ്‌ത്രേലിയയെ നേരിടും.