ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചാൽ മദ്രസകൾ ഇടിച്ചുനിരത്തും: അസം മുഖ്യമന്ത്രി
|അൽഖാഇദയുമായി ബന്ധമാരോപിക്കുന്ന ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ അഞ്ചുപേർ അറസ്റ്റിലായതിന് പിന്നാലെയാണ് അസമിൽ മദ്രസകൾ ലക്ഷ്യമിട്ട് നടപടി തുടങ്ങിയത്.
ഗുവാഹതി: ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി വിവരം ലഭിച്ചാൽ മദ്രസകൾ ഇടിച്ചുനിരത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിലെ ബൊംഗായ്ഗാവിൽ ഇന്നലെ ഒരു മദ്രസ ജെസിബി ഉപയോഗിച്ച് തകർത്തിരുന്നു. അൽഖാഇദ ബന്ധമാരോപിച്ച് ഒരുമാസത്തിനിടെ മൂന്നു മദ്രസകളാണ് അസമിൽ തകർത്തത്.
''മദ്രസകൾ തകർക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവ ജിഹാദികൾ ഉപയോഗിക്കാതിരിക്കുക എന്നത് മാത്രമാണ് ലക്ഷ്യമിടുന്നത്. മദ്രസയുടെ മറവിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി സർക്കാറിന് വിവരം ലഭിച്ചാൽ അത് ഞങ്ങൾ തകർക്കും'' - മുഖ്യമന്ത്രി പറഞ്ഞു.
അൽഖാഇദയുമായി ബന്ധമാരോപിക്കുന്ന ബംഗ്ലാദേശ് ആസ്ഥാനമായ തീവ്രവാദ സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ അഞ്ചുപേർ അറസ്റ്റിലായതിന് പിന്നാലെയാണ് അസമിൽ മദ്രസകൾ ലക്ഷ്യമിട്ട് നടപടി തുടങ്ങിയത്.
അതിനിടെ യു.പിയിൽ അനധികൃത മദ്രസകളുടെ സർവേ നടത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. അധ്യാപകരുടെ എണ്ണം, കരിക്കുലം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു. അംഗീകാരമില്ലാത്ത മദ്രസകൾ പൊളിച്ചുനീക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.