മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം 200 വര്‍ഷം പിന്നോട്ടുപോകും: എം.കെ സ്റ്റാലിന്
|ഡി.എം.കെ സ്ഥാനാർഥി ടി. ആർ ബാലുവിനെ പിന്തുണച്ച് ശ്രീപെരുമ്പത്തൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിന്
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം 200 വർഷം പിന്നോട്ട് പോകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിൻ. ഡി.എം.കെ സ്ഥാനാർഥി ടി. ആർ ബാലുവിനെ പിന്തുണച്ച് ശ്രീപെരുമ്പത്തൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''മോദി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം 200 വർഷം പുറകോട്ട് പോകും, ചരിത്രം തിരുത്തിയെഴുതപ്പെടും. അതുപോലെ, ശാസ്ത്രം പിന്നോട്ട് തള്ളപ്പെടും, അന്ധവിശ്വാസ കഥകൾക്ക് പ്രാധാന്യം നൽകും. ഡോ ബി.ആർ അംബേദ്കറുടെ ഭരണഘടനയെ ആർഎസ്എസ് നിയമങ്ങളാൽ മാറ്റിസ്ഥാപിക്കും'' വോട്ടാണ് ഇതിനെ ചെറുക്കാനുള്ള ഏറ്റവും വലിയ ആയുധമെന്നും സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു. ബിജെപിക്കുള്ള വോട്ട് തമിഴ്നാടിൻ്റെ ശത്രുവിനുള്ള വോട്ടാണ്, എഐഎഡിഎംകെക്കുള്ള വോട്ട് സംസ്ഥാനത്തെ വഞ്ചിക്കുന്നവർക്കുള്ള വോട്ടാണെന്നും അദ്ദേഹം പറഞ്ഞു.എഐഎഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സ്റ്റാലിന് ചൂണ്ടിക്കാട്ടി.
''എഐഎഡിഎംകെയെയും ബിജെപിയെയും സ്വാഭാവിക സഖ്യകക്ഷികളെന്നാണ് വിളിച്ചിരുന്നത്, എന്നാൽ ഇപ്പോൾ അവർ വേർപിരിഞ്ഞതുപോലെയാണ് പ്രവർത്തിക്കുന്നത്.ഭൂരിപക്ഷം ആവശ്യമുള്ള സാഹചര്യത്തിൽ പാർട്ടി ബി.ജെ.പിയെ പിന്തുണയ്ക്കുമോയെന്ന ചോദ്യത്തിന് എഐഎഡിഎംകെ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് എടപ്പാടി കെ പളനിസ്വാമി പറഞ്ഞില്ല. 'കാത്തിരുന്ന് കാണുക' എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.എഐഎഡിഎംകെയ്ക്ക് ഒരിക്കലും ബിജെപിക്കെതിരെ പോകാനാവില്ല. എ.ഐ.എ.ഡി.എം.കെ.ക്ക് ഒരു വോട്ട് കൊടുക്കുന്നത് ബി.ജെ.പിക്കുള്ള വോട്ടിന് തുല്യമാണ്'' സ്റ്റാലിന് പറഞ്ഞു.
തനിക്ക് കേന്ദ്രത്തിൽ നിന്ന് നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായ പളനിസ്വാമിയുടെ അവകാശവാദത്തോട് പ്രതികരിച്ച സ്റ്റാലിൻ, 'അടിമകളിൽ ഏറ്റവും മികച്ചവനാണ്' എന്നതിനാണ് പളനിസ്വാമിക്ക് അവാർഡുകൾ ലഭിച്ചതെന്ന് പരിഹസിച്ചു. “തമിഴ്നാടിൻ്റെ വികസനത്തിനായി ഞങ്ങൾ ശ്രദ്ധാപൂർവ്വം പദ്ധതികൾ നടപ്പിലാക്കുമ്പോൾ, തനിക്ക് കേന്ദ്രത്തിൽ നിന്ന് അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്ന് പളനിസ്വാമി അവകാശപ്പെടുന്നു.നിങ്ങൾക്ക് ഏറ്റവും മികച്ച അടിമ എന്നതിനുള്ള അവാർഡ് ലഭിച്ചു, പക്ഷേ ഞങ്ങൾക്ക് ജനങ്ങളിൽ നിന്ന് അവാർഡ് ലഭിച്ചു, ജൂൺ 4 ന് ഞങ്ങൾക്ക് മറ്റൊരു അവാർഡ് ലഭിക്കും'' തമിഴ്നാട്ടിൽ ബിജെപി വിജയിക്കുമെന്ന് പറഞ്ഞ് ആരോ പ്രധാനമന്ത്രി മോദിയെ വഞ്ചിക്കുകയാണെന്ന് സ്റ്റാലിന് കൂട്ടിച്ചേര്‍ത്തു.
''കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ തമിഴ്നാട്ടിൽ ഡിഎംകെ വിരുദ്ധ തരംഗമുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.എത്ര വർഷം ശ്രമിച്ചാലും ബിജെപിക്ക് തമിഴ്നാട്ടിൽ വളരാനാവില്ല. 2014ലും 2019ലും തമിഴ് ജനത നിങ്ങൾക്ക് വോട്ട് ചെയ്തിട്ടില്ല.എന്തുകൊണ്ടാണ് അവർ ഇപ്പോൾ നിങ്ങൾക്ക് വോട്ട് ചെയ്യുന്നത്? നിങ്ങൾ ജനങ്ങളെ വഞ്ചിക്കുമ്പോൾ തമിഴ്നാട്ടിൽ ബി.ജെ.പി വിജയിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആരോ നിങ്ങളെ ചതിക്കുന്നു. രാജ്യത്തിന്റെ സുരക്ഷ ഇന്‍ഡ്യ മുന്നണിയുടെ കൈകളിലാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു'' സ്റ്റാലിന് പറഞ്ഞു