വരാണസിയിൽ പ്രധാനമന്ത്രിക്കെതിരെ മത്സരിച്ചാൽ പ്രിയങ്ക ഗാന്ധി വിജയിക്കും: സഞ്ജയ് റാവത്ത്
|വരാണസിയിലെ ജനങ്ങൾക്ക് പ്രിയങ്കയെ വേണമെന്ന് സഞ്ജയ് റാവത്ത്
മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ അവർ വിജയിക്കുമെന്ന് ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്ത്. വരാണസിയിലെ ജനങ്ങൾക്ക് പ്രിയങ്കയെ വേണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വരാണസിയിൽ മത്സരിച്ചാൽ പ്രിയങ്ക വിജയിക്കും. റായ്ബറേലി, വരാണസി, അമേഠി എന്നിവിടങ്ങളിലെ പോരാട്ടം ബി.ജെ.പിക്ക് കടുപ്പമേറിയതായിരിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ശരത് പവാറും അജിത് പവാറും തമ്മിലെ കൂടിക്കാഴ്ചയെ കുറിച്ച് സഞ്ജയ് റാവത്ത് പറഞ്ഞതിങ്ങനെ- പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കൂടിക്കാഴ്ച നടത്താമെങ്കിൽ എന്തുകൊണ്ട് ശരത് പവാറിനും അജിത് പവാറിനും കൂടിക്കാഴ്ച നടത്തിക്കൂടാ? ശരത് പവാർ ഉടൻ തന്നെ അതിനെക്കുറിച്ച് സംസാരിക്കും. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയുടെ യോഗത്തിലേക്ക് ശരത് പവാര്‍ അജിത് പവാറിനെ ക്ഷണിച്ചെന്ന് ഞാൻ കരുതുന്നു".
മഹാരാഷ്ട്രയിലെ രണ്ട് ഉപമുഖ്യമന്ത്രിമാർ പോലും ഈ സർക്കാരിൽ തൃപ്തരല്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു- "രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. അജിത് പവാറും ദേവേന്ദ്ര ഫഡ്‌നാവിസും മഹാരാഷ്ട്രയിലെ ജനങ്ങളും ഈ സർക്കാരിൽ തൃപ്തരല്ല".
അജിത് പവാറിനെ കണ്ടതിനെ കുറിച്ച് ശരത് പവാര്‍ പറഞ്ഞതിങ്ങനെ- "എന്‍റെ അനന്തരവനെ കണ്ടതിൽ എന്താണ് തെറ്റ്? അത് ഒരാളുടെ വസതിയിൽ നടന്നാൽ അത് എങ്ങനെ രഹസ്യമാകും? ഞാൻ അജിതിന്‍റെ വസതിയിൽ ഉണ്ടായിരുന്നു".
Summary- Shiv Sena leader Sanjay Raut has claimed that if Congress leader Priyanka Gandhi contests the upcoming Lok Sabha election from Varanasi, the constituency of Prime Minister Narendra Modi, then she will win for sure