ഷിൻഡെയേയും 15 എം.എൽ.എമാരെയും സുപ്രിംകോടതി അയോഗ്യരാക്കിയാൽ ഒറ്റുകാർ ഇല്ലാതാകും: സഞ്ജയ് റാവത്ത്
|ശിവസേനയിലെ അധികാരത്തർക്കത്തിൽ സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും.
മുംബൈ: ശിവസേനയിലെ അധികാരത്തർക്കത്തിൽ സുപ്രിംകോടതി വിധി പറയാനിരിക്കെ ഷിൻഡെ പക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെ പക്ഷക്കാരനായ സഞ്ജയ് റാവത്ത്. ഏക്‌നാഥ് ഷിൻഡെ അടക്കമുള്ള 16 എം.എൽ.എമാരെ സുപ്രിംകോടതി അയോഗ്യരാക്കിയാൽ ഒറ്റുകാർ ഒന്നാകെ ഇല്ലാതാകുമെന്ന് റാവത്ത് പറഞ്ഞു.
സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ എം.ആർ ഷാ, കൃഷ്ണ മുരരി, ഹിമ കോഹ്‌ലി, പി.എസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ. ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിലെ ഒരു വിഭാഗം ബി.ജെ.പിയുമായി കൈകോർത്തതോടെ ഉദ്ധവ് താക്കറെക്ക് അധികാരം നഷ്ടമായിരുന്നു.
പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ സർക്കാരിനെ ബാധിക്കുമ്പോൾ സ്പീക്കർ, ഗവർണർ എന്നിവരുടെ നിലപാട് എങ്ങനെയാവണം എന്നത് സംബന്ധിച്ചും കോടതി വിശദീകരിക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് ജനാധിപത്യം നിലവിലുണ്ടോ ഇല്ലേ എന്ന് തീരുമാനിക്കുന്ന വിധിയാണ് വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതിയുടെ വിധി മഹാരാഷ്ട്രക്കും രാജ്യത്തിന് തന്നെയും വളരെ പ്രധാനപ്പെട്ടതാണ്. സുപ്രിംകോടതി എന്ത് പറയുമെന്നത് സംബന്ധിച്ച് ഒന്നും പ്രവചിക്കാനാവില്ല. പക്ഷേ, ജനാധിപത്യത്തെ സംബന്ധിച്ചടുത്തോളം ഈ വിധി വളരെ പ്രധാനപ്പെട്ടതാണ്. ജുഡീഷ്യറിക്ക് സമ്മർദമുണ്ടോ എന്നതും വിധിയിലൂടെ വ്യക്തമാകും. പാകിസ്താൻ ഇപ്പോൾ കത്തിക്കൊണ്ടിരിക്കുകയാണ്, അവിടെ ജനാധിപത്യമില്ല എന്നതാണ് കാരണം. നമ്മുടെ രാജ്യത്ത് ജനാധിപത്യം നിലവിലുണ്ടോ ഇല്ലേ എന്ന് സുപ്രിംകോടതി വിധി നമ്മോട് പറയും.