സവർക്കര്‍ക്കെതിരെ സംസാരിക്കുന്നത് ദേശവിരുദ്ധമെങ്കില്‍ എന്നെ ജയിലിൽ അടയ്ക്കൂ: കോൺഗ്രസ് നേതാവ് ഹനുമന്ത റാവു
|'ചരിത്രത്തെ വളച്ചൊടിക്കുന്നതോ വഴിതിരിച്ചുവിടുന്നതോ ഇനി വച്ചുപൊറുപ്പിക്കാനാവില്ല'
ഹൈദരാബാദ്: ഹിന്ദുമഹാസഭ നേതാവ് സവർക്കര്‍ക്കെതിരെ സംസാരിക്കുന്നത് ദേശവിരുദ്ധമാണെങ്കിൽ തന്നെ ജയിലിലടയ്ക്കാമെന്ന് കോൺഗ്രസ് നേതാവ് വി ഹനുമന്ത റാവു. ഹൈദരാബാദിലെ സലാർജങ് മ്യൂസിയത്തില്‍ ജവഹർലാൽ നെഹ്‌റുവിന്‍റെ പേര് എവിടെയും പരാമർശിച്ചിട്ടില്ലെന്ന് ഹനുമന്ത റാവു മ്യൂസിയം ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. സവർക്കറുടെ ചിത്രങ്ങൾ മ്യൂസിയത്തിന്റെ ചുവരുകളിലുണ്ടെന്നും ഹനുമന്ത റാവു കത്തില്‍ പരാമര്‍ശിച്ചു.
"സവർക്കര്‍ക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ, അയാൾ ദേശവിരുദ്ധനാണെന്നാണ് ബി.ജെ.പി പറയുന്നത്. അതെ, ഞാന്‍ സവര്‍ക്കര്‍ക്കെതിരെ പറയുന്നു. ഞാന്‍ ദേശവിരുദ്ധനെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാം"- ഹനുമന്ത റാവു പറഞ്ഞു.
സവർക്കർ ആരാണെന്നും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് അദ്ദേഹം നൽകിയ സംഭാവന എന്താണെന്നും ആർക്കും അറിയില്ല. ആർഎസ്എസ് പ്രവർത്തകനാണ് സവര്‍ക്കറെന്നും ഹനുമന്ത റാവു പറഞ്ഞു- "സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി ജയിൽവാസം അനുഭവിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ മഹത്തായ സംഭാവനകളെയും ത്യാഗങ്ങളെയും അവഗണിക്കുകയാണ്. നെഹ്‌റു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി മാത്രമല്ല, ആധുനിക ഇന്ത്യയുടെ ശില്‍പ്പി കൂടിയാണെന്ന് എല്ലാവർക്കും അറിയാം. ചരിത്രത്തെ വളച്ചൊടിക്കുന്നതോ വഴിതിരിച്ചുവിടുന്നതോ ഇനി വച്ചുപൊറുപ്പിക്കാനാവില്ല".
സവർക്കറുടെ ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചതും നെഹ്‌റുവിന്റെ മഹത്തായ സേവനങ്ങൾ അവഗണിച്ചതും സ്വന്തം നിലയ്ക്കാണോ അതോ കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരമാണോ എന്ന് മ്യൂസിയം ഡയറക്ടറോട് വ്യക്തത തേടിയിട്ടുണ്ട്. സർദാർ വല്ലഭായ് പട്ടേൽ, മഹാത്മാഗാന്ധി തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികൾക്കൊപ്പം പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കണം. അല്ലാത്തപക്ഷം കോൺഗ്രസ് ചില തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Summary- Congress leader V Hanumantha Rao has said that if speaking against Veer Savarkar is antinational, then he should be put in jail