'ഞങ്ങൾ വേണോ? ഉത്തരമില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കും': മഹാവികാസ് അഘാഡി സഖ്യത്തോട് എഐഎംഐഎം
|പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള ചുരുക്കം ചില സീറ്റുകളിൽ മത്സരിക്കാനാണ് താൽപ്പര്യമെന്നും എഐഎംഐഎം
മുംബൈ: സഖ്യം സംബന്ധിച്ച നിര്‍ദേശങ്ങളോട് പ്രതികരിച്ചിട്ടില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സ്വന്തം നിലക്ക് മത്സരിക്കുമെന്ന് മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമിൻ (എഐഎംഐഎം). മഹാവികാസ് അഘാഡി( എംവിഎ) സഖ്യത്തോടാണ് എഐഎംഐഎം നേതാവ് ഇംതിയാസ് ജലീല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബര്‍ ഒമ്പതിനികം( നാളെ) പ്രതികരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.
പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുള്ള ചുരുക്കം ചില സീറ്റുകളിൽ മത്സരിക്കാനാണ് താൽപ്പര്യമെന്നും ജലീൽ പറഞ്ഞു. ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിന്റെ എൻസിപിയും അടങ്ങുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം, മഹാരാഷ്ട്രയിൽ വീണ്ടും സർക്കാർ രൂപീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പാര്‍ട്ടി നിലപാട് ജലീല്‍ വ്യക്തമാക്കിയത്.
എഐഎംഐഎമ്മിന് ശിവസേനയുടെ (ഉദ്ധവ് താക്കറെ വിഭാഗം) പ്രത്യയശാസ്ത്രങ്ങളുമായി പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും രാഷ്‌ട്രീയ നിർബന്ധങ്ങള്‍ കണക്കിലെടുത്തും കർഷകരുടെയും സംസ്ഥാനത്തെ ജനങ്ങളുടെയും താൽപ്പര്യങ്ങൾ മാനിച്ചും എംവിഎയുമായി യോജിക്കാൻ തയ്യാറാണെന്ന് ജലീൽ പറഞ്ഞു.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒന്നോ രണ്ടോ മാസത്തിനകം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാർട്ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ മത്സരിക്കണമെന്നാണ് താത്പര്യമെന്നും ഇക്കാര്യം കോണ്‍ഗ്രസും ശരദ്പവാറിന്റെ എന്‍സിപിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും അടങ്ങുന്ന സഖ്യമായ മഹാവികാസ് അഘാഡി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.
എഐഎംഐഎമ്മിൻ്റെ നിർദേശം ചർച്ച ചെയ്യാൻ എംവിഎ കുറച്ച് സമയം ആവശ്യപ്പെട്ടെങ്കിലും അത് ഇതുവരെ നടന്നില്ലെന്നും അതിനാലാണ് ഒറ്റക്ക് മത്സരിക്കുമെന്ന നിലയിലേക്ക് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'' ഞങ്ങള്‍ കുറേ സീറ്റുകളൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഒരുപാട് കാത്തിരുന്നു. ഇനി അവസാന നിമിഷം ഞങ്ങളെ കയറ്റാൻ അവർ വിസമ്മതിച്ചാലോ? സെപ്റ്റംബർ 9നകം അവർ പ്രതികരിച്ചില്ലെങ്കിൽ, ഞങ്ങള്‍ക്ക് സ്വന്തം കാര്യം നേക്കേണ്ടി വരും. എത്ര സീറ്റില്‍ മത്സരിക്കണം എന്ന് തുടങ്ങിയ കാര്യങ്ങളൊക്കെ പരിശോധിച്ച് വരികയാണ്''- ജലീല്‍ കൂട്ടിച്ചേര്‍ത്തു.
2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഎംഐഎം 44 സീറ്റുകളിൽ മത്സരിച്ചെങ്കിലും രണ്ടിടത്ത് മാത്രമാണ് വിജയിക്കാനായത്.
അതേസമയം എംവിഎയുമായുള്ള സഖ്യത്തിൽ നിന്ന് തൻ്റെ പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാകില്ലെന്നും എന്നാൽ എഐഎംഐഎമ്മിനെ ഒപ്പം കൊണ്ടുപോയില്ലെങ്കിൽ പ്രതിപക്ഷ ഗ്രൂപ്പിന് വലിയ നഷ്ടമുണ്ടാകുമെന്നാണ് മുന്‍ എംപി കൂടിയായ ജലീല്‍ അവകാശപ്പെടുന്നത്.
എന്നാല്‍ മഹാവികാസ് അഘാഡിയുമായി കൈകോർക്കാൻ എഐഎംഐഎം സന്നദ്ധത അറിയിച്ചെങ്കിലും കോൺഗ്രസിന് താൽപര്യമില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാമെന്നതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയുമായി സഖ്യം വേണ്ടെന്ന അഭിപ്രായമാണു നേതാക്കൾക്കുള്ളത്.