'നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ആർ.എസ്.എസിനെ നിരോധിക്കൂ...' വെല്ലുവിളിച്ച് കേന്ദ്രമന്ത്രി
|ആദ്യം നിരോധിക്കേണ്ട സംഘടന ആർഎസ്എസാണെന്നായിരുന്നു ലാലുപ്രസാദ് യാദവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്
ന്യൂഡൽഹി: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച പോലെ ആർഎസ്എസിനെയും നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ട ആർജെഡി തലവൻ ലാലു പ്രസാദ് യാദവിനെതിരെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങ്. രാജ്യത്ത് വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിന് ഉത്തരവാദികളായ ആർഎസ്എസ് ഉൾപ്പെടെയുള്ള എല്ലാ സംഘടനകളെയും നിരോധിക്കണമെന്നായിരുന്നു ലാലുയാദവ് അഭിപ്രായപ്പെട്ടത്.
'തങ്ങളെ അഭിമാനമുള്ള ആർഎസ്എസ് പ്രവർത്തകർ എന്ന് വിളിക്കാം.എന്നാൽ ആർഎസ്എസിനെ നിരോധിക്കണമെന്ന ആവശ്യം ഉന്നയിക്കുന്ന പ്രതിപക്ഷ നേതാക്കൾ തങ്ങൾ പിഎഫ്ഐ അംഗങ്ങളാണെന്ന് പറയാമോ ഗിരിരാജ് സിങ് ചോദിച്ചു. ബീഹാറിൽ അവർക്ക് സർക്കാരുണ്ട്. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, ബിഹാറിൽ ആർഎസ്എസിനെ നിരോധിക്കണമെന്നും അദ്ദേഹം ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ചത്. ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രാജ്യത്തുടനീളം നടത്തിയ റെയ്ഡുകൾക്കും നേതാക്കളുടെ അറസ്റ്റുകൾക്കും ശേഷമാണ് നിരോധനം ഏർപ്പെടുത്തിയത്. രാജ്യത്താകെ 106 ഓളം പി.എഫ്.ഐ നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.അഞ്ച് വർഷത്തേക്കാണ് പി.എഫ്.ഐ നിരോധിച്ചിരിക്കുന്നത്.സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. കാമ്പസ് ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ,ഓൾ ഇന്ത്യാ ഇമാംമ്‌സ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്‌സ് ഓർഗനൈസെഷൻ,നാഷണൽ വുമൺസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.
അതേസമയം, പാർട്ടി നിരോധത്തെ ചൊല്ലി വിവിധ അഭിപ്രായങ്ങളാണ് രാഷ്ട്രീയപാർട്ടികൾക്കിടയിൽ നിന്നുതന്നെ ഉയർന്ന് വരുന്നത്. നിരോധനം കൊണ്ട് കാര്യമില്ലെന്നും ആശയങ്ങളെയാണ് നിരോധിക്കേണ്ടതെന്നും പല കോണിൽ നിന്നും അഭിപ്രായങ്ങൾ വന്നു. ഇതിന് പിന്നാലെയാണ് ലാലുപ്രസാദ് യാദവിന്റെ അഭിപ്രായവും വന്നത്.
'ആദ്യം നിരോധിക്കേണ്ട സംഘടന ആർഎസ്എസാണ്. അതാണ് ഏറ്റവും വഷളായ സംഘടന. തീവ്ര ഹിന്ദുത്വ നിലപാടുള്ള സംഘടനയാണത്. അത്തരത്തിലുള്ള എല്ലാ സംഘടനകളുടെയും പ്രവർത്തനം സംബന്ധിച്ച് കൃത്യമായ അന്വേഷണമുണ്ടാവണം. പിഎഫ്ഐ പോലുള്ള എല്ലാ സംഘടനകളെയും നിരോധിക്കേണ്ടതുണ്ട്'. അദ്ദേഹം പറഞ്ഞു.