മോദി ജയിച്ചാൽ സത്യപ്രതിജ്ഞ കർത്തവ്യപഥിൽ; ഫലപ്രഖ്യാപനത്തിന് മുന്നേ കേന്ദ്ര നീക്കം
|ചടങ്ങിൽ 8000ലധികം ആളുകൾ പങ്കെടുക്കും, തൽസമയ സംപ്രേഷണത്തിന് 100 ക്യാമറകൾ
ന്യൂഡൽഹി: മോദി ജയിച്ചാൽ സത്യപ്രതിജ്ഞ ആർഭാട പൂർവ്വം നടത്താൻ ഫലപ്രഖ്യാപനത്തിന് മുൻപേ കേന്ദ്രം ആലോചന തുടങ്ങിയതായി സൂചന. ജൂൺ ഒൻപതിനോ പത്തിനോ കർത്തവ്യപഥിൽ വെച്ച് സത്യപ്രതിജ്ഞ നടത്താനാണ് ഉദ്ദേശം.
8000ലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങിനാണ് ബിജെപി തയ്യാറെടുക്കുന്നത്.. ബിജെപി നേതാക്കളും കേന്ദ്ര സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞാ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ യോഗം ചേർന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ രണ്ട് തവണയും രാഷ്ട്രപതിഭവന് സമീപമായിരുന്നു മോദിയുടെ സത്യപ്രതിജ്ഞ. വളരെ ചുരുക്കം ആളുകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു ഈ ചടങ്ങുകൾ രണ്ടും. എന്നാൽ മൂന്നാം ഘട്ടവും മോദി അധികാരത്തിലെത്തുയാണെങ്കിൽ സത്യപ്രതിജ്ഞ ഗംഭീരമായി നടത്താനാണ് ബിജെപിയുടെ തീരുമാനം. നൂറിലധികം ക്യാമറകളുപയോഗിച്ച് ചടങ്ങ് പ്രസാർ ഭാരതി തൽസമയം സംപ്രേഷണവും ചെയ്യും.
ബിജെപി സർക്കാരിന്റെ പ്രവർത്തനങ്ങളും അടുത്ത അഞ്ച് വർഷത്തേക്കുള്ള തയ്യാറെടുപ്പുകളുമൊക്കെ ജനങ്ങളെ തുറന്നു കാട്ടാനാണ് കർത്തവ്യപഥിലെ സത്യപ്രതിജ്ഞയെന്നാണ് വിവരം. ഇതിനിടെ ജൂൺ 13ന് ഇറ്റലിയിൽ നടക്കുന്ന G-7 മീറ്റിങ്ങിലേക്കുള്ള ക്ഷണം മോദി സ്വീകരിച്ചിട്ടുണ്ട്.