സുപ്രിം കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ഗുജറാത്ത്; മുസ്‍ലിംകളുടെ ആരാധനാലയങ്ങളും വീടുകളും പൊളിച്ചു നീക്കി
|ദർഗകളും മുസ്‍ലിംകളുടെ വീടുകളും നിൽക്കുന്ന ഭൂമിയിൽ പ്രധാനമന്ത്രിനരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയവർ ട്രസ്റ്റിമാരായ ശ്രീ സോമനാഥ് ട്രസ്റ്റ് അവകാശവാദം ഉന്നയിച്ചിരുന്നു
ന്യൂഡൽഹി: അൻപത്തിയൊന്നുകാരനായ അബ്ദുൾ ഹമീദിന്റെ കണ്ണീർ ഇപ്പോഴും തോർന്നിട്ടില്ല, ഗുജറാത്തിലെ വെരാവലിലെ പീർ ഷാ സിലാർ ദർഗ കൺമുന്നിൽ തകർത്തത് ഇനിയും വിശ്വസിക്കാനായിട്ടില്ല അദ്ദേഹത്തിന്. പതിനൊന്ന് തലമുറകളായി ദർഗയുടെ ഭാഗാമായിരുന്നു ഹമീദിന്റെ കുടുംബം. അദ്ദേഹത്തിന്റെ ഉപ്പയും വല്യുപ്പമാരും ദർഗയെ ആത്മീയ കേന്ദ്രമായാണ് കണ്ടിരുന്നത്. അവർ മാത്രമല്ല, തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളുമെല്ലാം ആത്മീയ അഭയകേന്ദ്രമായി കണ്ടിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ദർഗയാണ് ഗുജറാത്ത് സർക്കാർ പൊളിച്ചത്.
സെപ്തംബർ 28 ന്, ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിലെ വെരാവൽ പ്രദേശത്തെ മുസ്‍ലിംകളുമായി ബന്ധപ്പെട്ട എട്ട് മതപരമായ കെട്ടിടങ്ങളും മുസ്‍ലിംകളുടെ 48 വീടുകളുമാണ് ആറ് മണിക്കൂർ കൊണ്ട് ഭരണകൂടം പൊളിച്ചുകളഞ്ഞത്. 200 ഓളം പ്രദേശവാസികളുടെ വീടുകളാണ് ഭരണകൂടത്തിന്റെ ബുൾഡോസർ രാജിന് ഇരയായത്. വീടുകൾ പൊളിക്കുന്നതിനെതിരെ പ്രതിഷേധിച്ച 150 ഓളം പ്രദേശവാസികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സുപ്രിം കോടതിവിധി നിലനിൽക്കെയാണ് ജില്ലാ കളക്ടർ ഡിഡി ജഡേജ പൊളിക്കുന്നതിനുള്ള ഉത്തരവ് നൽകിയത്.
ശ്രീ സോമനാഥ് ട്രസ്റ്റും (എസ്എസ്ടി) സംസ്ഥാന സർക്കാരും അവകാശവാദം ഉന്നയിക്കുന്ന 100 ഏക്കർ ഭൂമിയിലെ അനധികൃത നിർമാണം എന്നാരോപിച്ചാണ് പൊളിക്കൽ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അദ്വാനി എന്നിവർ ട്രസ്റ്റിമാരായി നയിക്കുന്ന ഒരു ചാരിറ്റബിൾ ട്രസ്റ്റാണ് എസ്എസ്ടി.
രാവിലെ ആറ് മണിയോടെയാണ് പൊലീസിന്റെ നേതൃത്വത്തിൽ പൊളിക്കൽ തുടങ്ങിയതെന്ന് ഹമീദ് പറയുന്നു. ഞങ്ങളുടെ കുട്ടികൾ ഉറക്കത്തിൽ നിന്ന് ഉണർന്നിട്ട് പോലുമില്ലായിരുന്നു. ഞങ്ങൾക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. ഒരു തുണിപോലും എടുക്കാനുള്ള സമയം പോലും തന്നില്ല. ഞങ്ങൾ സമ്പാദിച്ചതെല്ലാം അവർ ഇടിച്ചുനിരത്തി മണ്ണിനടിയിലാക്കിയെന്ന് തകർന്നുപോയ ഹമീദ് കൂട്ടിച്ചേർത്തു. പ്ലാസ്റ്റിക് ഷീറ്റിനു താഴെയാണ് ഹമീദും കുടുംബവും ഇപ്പോൾ കഴിയുന്നത്. ‘ഞങ്ങളുടെ വീടുകളും പള്ളികളും ശ്മശാനങ്ങളും വരെ അവർ തകർത്തു. അപ്പോൾ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു, മഴയത്ത് നിന്ന ഞങ്ങളെ മനുഷ്യരായിപ്പോലും അവർ പരിഗണിച്ചില്ലെന്നും ഹമീദ് പറഞ്ഞു.
ചരിത്രമുറങ്ങുന്നതും നൂറ്റാണ്ടുകൾ പഴക്കവുമുള്ള ഹാജി മംഗ്രോൾ ദർഗ, ഷാ സിലാർ ദർഗ, ഗരീബ് ഷാ ദർഗ, ജാഫർ മുസാഫർ ദർഗ തുടങ്ങിയവയാണ് തകർത്തതെന്ന് ദ വയർ റിപ്പോർട്ട് ചെയ്യുന്നു. മുസ്‌ലിംകളെ വിരട്ടിയോടിക്കാനാണ് ആരാധനാലയങ്ങളും വീടുകളും പൊളിച്ചുനീക്കുന്നതെന്ന് വെരാവലിൽ നിന്നുള്ള ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് നുസ്രത്ത് പഞ്ച പറഞ്ഞു. പൊളിച്ചുമാറ്റിയ കെട്ടിടങ്ങൾക്കെല്ലാം സമ്പന്നമായ ചരിത്രമുള്ളവയാണ്. 800 വർഷത്തിലേറെ പഴക്കമുള്ളതാണ് ആരാധനാലയങ്ങൾ. എന്നിട്ടും എന്തുകൊണ്ടാണ് നിയമപരമാണെന്നതിന് നിരവധി രേഖകൾ ഉള്ള കെട്ടിടങ്ങൾ കലക്ടറും സംസ്ഥാന സർക്കാരും തകർത്തതെന്നും അദ്ദേഹം ചോദിക്കുന്നു. അതിരാവിലെ ഹൈഡ്രോളിക് ക്രെയിനുകളും 60 ഓളം ബുൾഡോസറുകളും 50 ട്രാക്ടർ ട്രെയ്‌ലറുകളും 1,400 പൊലീസുകാരും ഇരച്ചെത്തിയാണ് പൊളിക്കൽ തുടങ്ങിയത്.
ആർക്കും അവരവരുടെ സാധനങ്ങൾ പോലും എടുക്കാൻ അനുവാദമില്ലായിരുന്നു. മനുഷ്യത്വ രഹിതമായ നടപടിക്ക് പിന്നിൽ രാഷ്ട്രിയമാണെന്ന് മേഖലയിലെ സാമൂഹിക പ്രവർത്തകനായ ബാസിർ ഗോഹെൽ പറഞ്ഞു. ഈദ്ഗാഹും ശ്മശാനവും പോലും അവർ തകർത്തുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ പൊളിക്കലിനെ ന്യായീകരിച്ച് ജില്ലാ കലക്ടർ രംഗത്തെത്തി. നിയമവിരുദ്ധമായ കൈയ്യേറ്റങ്ങളാണ് പൊളിച്ചതെന്നും ആരാധനാലയങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ എന്തിനാണ് പൊളിക്കൽ നടത്തിയത് എന്ന ചോദ്യത്തിനോട് കോടതിയുടെ പരിഗണനയിലുള്ളതിനാൽ പ്രതികരിക്കാനാവില്ലെന്നായിരുന്നു ഒഴിഞ്ഞുമാറിക്കൊണ്ടുള്ള കലക്ടറുടെ മറുപടി.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ഗുജറാത്തിലെ ന്യൂനപക്ഷ കോഓർഡിനേഷൻ കമ്മിറ്റി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുസ്‍ലിം സമുദായത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബർ 28ന് തന്നെ സംഘടന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് കത്തയച്ചിരുന്നു. സുപ്രീം കോടതിയുടെ സെപ്റ്റംബർ 17ലെ ഇടക്കാല ഉത്തരവ് പ്രകാരം രാജ്യത്തുടനീളമുള്ള പൊളിക്കലുകൾ ഒക്ടോബർ 1 വരെ സ്റ്റേ ചെയ്ത കാര്യവും സംഘടന ചൂണ്ടിക്കാട്ടി.