India
Im proud to be a Hindu, but am not a fool, says Kamal Nath
India

ഹിന്ദുവായതിൽ ഞാൻ അഭിമാനിക്കുന്നു; പക്ഷേ വിഡ്ഢിയല്ല: കമൽനാഥ്

Web Desk
|
1 May 2023 2:41 PM GMT

ബിജെപി ഭരണത്തിന് കീഴിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സംസ്ഥാനത്ത് പ്രശ്നങ്ങൾ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭോപ്പാൽ: താനൊരു ഹിന്ദുവാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും എന്നാൽ വിഡ്ഢിയല്ലെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ്. ഇന്ത്യൻ സംസ്‌കാരം ആക്രമണത്തെ അഭിമുഖീകരിക്കുകയാണെന്നും ഭരണഘടന തെറ്റായ കൈകളിലേക്കാണ് പോകുന്നതെന്നും ബിജെപിയെ പരോക്ഷമായി വിമർശിച്ച് അദ്ദേഹം വ്യക്തമാക്കി. ഭോപ്പാലിലെ ഭെൽ ടൗൺഷിപ്പിൽ അന്താരാഷ്‌ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു കമൽനാഥ്.

"ഞാൻ ഒരു ഹിന്ദുവാണ്. ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുന്നു, പക്ഷേ ഞാനൊരു വിഡ്ഢിയല്ല. അത് മനസിലാക്കണം. ജാതിമത ഭേദമന്യേ ജനങ്ങൾ ഒരു കൊടിക്കീഴിൽ ഐക്യത്തോടെ ജീവിക്കുന്നു. എന്നാൽ നമ്മുടെ സംസ്കാരം ആക്രമിക്കപ്പെടുകയാണ്. ഡോ. ബി.ആർ അംബേദ്കറുടെ ഭരണഘടന തെറ്റായ കൈകളിലേക്കാണ് പോകുന്നത്"- കോൺഗ്രസ് നേതാവ് വ്യക്തമാക്കി. ബിജെപി ഭരണത്തിന് കീഴിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സംസ്ഥാനത്ത് പ്രശ്നങ്ങൾ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

"ജനങ്ങൾക്ക് മുന്നിൽ വലിയ വെല്ലുവിളിയുണ്ട്. സംസ്ഥാനത്തിന്റെ മുഴുവൻ ചിത്രവും നിങ്ങളുടെ മുന്നിലുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ബുദ്ധിമുട്ടുകൾ നേരിടുകയാണ്. കർഷകരുടെയും യുവാക്കളുടെയും വ്യവസായികളുടെയും ഭാവി വലിയ വെല്ലുവിളിയിലൂടെയാണ് കടന്നുപോവുന്നത്"- അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് അധികാരത്തിലിരുന്ന 2018-20ൽ 18 മാസങ്ങൾ ഒഴികെ രണ്ട് പതിറ്റാണ്ടോളമായി മധ്യപ്രദേശ് ഭരിക്കുന്ന ബിജെപിയുടെ ഭാവി സംരക്ഷിക്കണോ അതോ തങ്ങളുടെ ഭാവി സംരക്ഷിക്കണോ എന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും കമൽനാഥ് പറഞ്ഞു. അമ്പലങ്ങളെയും പള്ളികളേയും കുറിച്ച് സംസാരിക്കുന്നത് തൊഴിൽ സൃഷ്ടിക്കില്ലെന്നും കമൽനാഥ് കൂട്ടിച്ചേർത്തു. ഈ വർഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.

Similar Posts