India
Im The First Prime Minister Born In Free India Says PM Modi
India

'സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് ഞാൻ'; ഇന്ത്യ എന്നും സമാധാനപക്ഷത്തെന്നും നരേന്ദ്രമോദി

Web Desk
|
20 Jun 2023 12:37 PM GMT

ഇന്ത്യയ്ക്ക് ആഗോളതരത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് താനെന്ന് നരേന്ദ്രമോദി. യുഎസിലേക്കുള്ള യാത്രയ്ക്കായി എയർ ഇന്ത്യ വൺ വിമാനത്തിൽ കയറുന്നതിന് മുമ്പ്, ദ വാൾ സ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. തന്റെ ശക്തിയെക്കുറിച്ചും ചിന്താരീതിയെ കുറിച്ചുമുള്ള ചോദ്യത്തിനായിരുന്നു മോദിയുടെ മറുപടി.

'സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യത്തെ പ്രധാനമന്ത്രി ഞാനാണ്. അതുകൊണ്ടുതന്നെ എന്റെ ചിന്താരീതി, പെരുമാറ്റം, ഞാൻ പറയുന്നതും ചെയ്യുന്നതുമൊക്കെ എന്റെ രാജ്യത്തിന്റെ ഗുണങ്ങളിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നും പ്രചോദനവും സ്വാധീനവും ഉൾക്കൊണ്ടിട്ടുള്ളതാണ്. അതാണെന്റെ ശക്തി'- മോദി അവകാശപ്പെട്ടു.

ഇന്ത്യയ്ക്ക് ആഗോളതരത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്. പരസ്പര ബഹുമാനത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ല. ചര്‍ച്ചകളിലൂടെയാണ് തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടതെന്നും മോദി പറഞ്ഞു. എന്നാല്‍ അതിര്‍ത്തിയായതിനാല്‍ സമാധാനം പുലരാതെ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം സാധ്യമല്ലെന്നും മോദി വ്യക്തമാക്കി.

യുക്രൈൻ യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഞങ്ങൾ നിഷ്പക്ഷരാണെന്ന് ചില രാജ്യങ്ങൾ പറയുന്നത്. പക്ഷേ ഞങ്ങൾ നിഷ്പക്ഷരല്ല. സമാധാനത്തിന്റെ പക്ഷത്താണ്- എന്നായിരുന്നു മറുപടി. ലോകത്തിന് അറിയാം ഇന്ത്യ വിലനല്‍കുന്നത് സമാധാനത്തിനാണെന്ന്. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യ കൂടെയുണ്ടെന്നും നരേന്ദ്രമോദി വ്യക്തമാക്കി.

14 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഔദ്യോഗിക സന്ദര്‍ശനത്തിനുള്ള അമേരിക്കയുടെ ക്ഷണം ലഭിക്കുന്നത്. ഇതിന് മുമ്പ് 2009ല്‍ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിങ്ങാണ് ഇത്തരത്തിൽ യു.എസിലേക്ക് പോയിരുന്നത്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയാണ് മൻമോഹൻ സിങ്ങിനെ സന്ദര്‍ശനത്തിനായി ക്ഷണിച്ചത്.

Similar Posts