India
Mamata Banerjee
India

'ജൂനിയർ ഡോക്ടർമാരുടെ സമരത്തിൽ അടിയന്തരമായി ഇടപെടണം'; ബംഗാൾ മുഖ്യമന്ത്രിക്ക് IMAയുടെ കത്ത്

Web Desk
|
11 Oct 2024 3:51 AM GMT

പി.ജി ഡോക്ടർമാരുടെ സമരത്തിന് ഐഎംഎ പിന്തുണ പ്രഖ്യാപിച്ചു

കൊൽക്കത്ത: കൊൽക്കത്തയിലെ ജൂനിയർ ഡോക്ടർമാരുടെ നിരാഹാര സമരത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കത്തയച്ചു. ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. പി.ജി ഡോക്ടർമാരുടെ സമരത്തിന് ഐഎംഎ പിന്തുണ പ്രഖ്യാപിച്ചു.

ആർ.ജി കർ ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സമരം നടക്കുന്നത്. യുവതിക്ക് നീതിലഭിക്കണമെന്നാണ് സമരക്കാരായ ഡോക്ടർമാരുടെ ആവശ്യം. കൊല്ലപ്പെട്ട വനിതാ ഡോക്‌ടറുടെ അച്ഛനും അമ്മയും ഡോക്‌ടർമാർ തുടരുന്ന പ്രതിഷേധത്തിന്‌ കഴിഞ്ഞ ദിവസം ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ ഉപവസിച്ചിരുന്നു.

ആഗസ്റ്റ് ഒമ്പതിനാണ് രാത്രി ഡ്യൂട്ടിക്കിടെ കോളജിലെ സെമിനാർ ഹാളിൽ കിടന്നുറങ്ങിയ പി ജി വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ കൊൽക്കത്ത പൊലീസിൽ താൽകാലിക കരാർ വ്യവസ്ഥയിൽ ജോലിചെയ്തുവരുന്ന സഞ്ജയ് റോയ് എന്നയാൾ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി സിബിഐ കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കിയാണ് സംഘം കുറ്റപത്രം തയ്യാറാക്കിയത്. 200 ലധികം പേരുടെ മൊഴികളാണ് കുറ്റപത്രത്തിലുള്ളത്.


Similar Posts