India
ജയിലിലായതിന്റെ പേരിൽ ഒരാളുടെ തുടർവിദ്യാഭ്യാസം നിഷേധിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി
India

ജയിലിലായതിന്റെ പേരിൽ ഒരാളുടെ തുടർവിദ്യാഭ്യാസം നിഷേധിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി

Web Desk
|
25 Sep 2024 6:43 AM GMT

ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന മഹേഷ് റാവുത്ത് നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം

മുംബൈ: ജയിലിലാകുന്നതോടെ പൗരന്റെ തുടർ വിദ്യാഭ്യാസത്തിനുള്ള അവകാശം ഇല്ലാതാകുന്നില്ലെന്ന് ബോംബെ ഹൈ​കോടതി. ഭീമ കൊറേഗാവ് കേസിൽ ജയിലിൽ കഴിയുന്ന മഹേഷ് റാവുത്ത് നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം. സിദ്ധാർത്ഥ് ലോ കോളേജിലെ 3 വർഷത്തെ നിയമ കോഴ്‌സിന് പ്രവേശനം അനുവദിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസുമാരായ അജയ് ഗഡ്കരി, നീല ഗോഖ​ലെ എന്നിവരടങ്ങിയ ബെഞ്ച് ശ്രദ്ധേയമായ പരാമർശം നടത്തിയത്. നിയമബിരുദ പഠനത്തിന് ചേരാനുള്ള യോഗ്യതാ പരീക്ഷ ജയിച്ചിട്ടും ജയിലിലായതിന്റെ പേരിൽ പ്രവേശനം നിഷേധിച്ചതിനെതിരെയായിരുന്നു മഹേഷിന്റെ ഹരജി.

നിലവിൽ തലോജ സെൻട്രൽ ജയിലിലാണ് മഹേഷ്. പ്രത്യേക കോടതിയുടെ അനുമതി പ്രകാരമാണ് മഹാരാഷ്​ട്ര കോമൺ എൻട്രൻസ് ടെസ്റ്റിന് ഹാജരായതെന്ന് മഹേഷിന്റെ അഭിഭാഷകൻ മിഹിർ ദേശായി വാദിച്ചു. ​മെറിറ്റ് ലിസ്റ്റിൽ 95-ാം സ്ഥാനമാണ്. നടപടിക്രമങ്ങൾ പാലിച്ച്, ഫീസ് അടച്ച റാവുത്തിന് മുംബൈയിലെ സിദ്ധാർത്ഥ് ലോ കോളേജിൽ സീറ്റും അനുവദിച്ചു. സഹോദരി മുഖേനയാണ് ഫീസ് അടച്ചത്. കോളേജിൽ പ്രവേശനം നേടുന്നതിനുള്ള രേഖകളുടെ പരിശോധനയ്ക്കായി നേരിട്ട് ഹാജരാകണമെന്ന് കോളജ് ആവശ്യപ്പെട്ടു. ജയിലിൽ തടവിലായതിനാൽ മഹേഷിന് ഹാജരാരാൻ കഴിഞ്ഞില്ല. ഇതിന് പിന്നാലെയാണ് 75 ശതമാനം നിർബന്ധ ഹാജർ നേടാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സിദ്ധാർഥ് കോളജും മുംബൈ സർവകലാശാലയും പ്രവേശനം നിഷേധിച്ചത്. ഇതിനെ തുടർന്നാണ് മഹേഷ് ​ഹൈകോടതിയെ സമീപിച്ചത്.

തടവിലായാൽ തുടർപഠനാവകാശം ഇല്ലാതാകില്ലെന്ന് വ്യക്തമാക്കിയ കോടതി. പ്രവേശനയോഗ്യത നേടിയിട്ടും അവസരം നിഷേധിക്കുന്നത് മൗലികാവകാശ​ത്തിന്റെ ലംഘനമാണെന്നും കോടതി അഭിപ്രായപ്പെട്ടു. മഹേഷ് ജയിലിലായതിനാൽ അദ്ദേഹത്തിനുപകരം കോളജിൽ രേഖകൾ സമർപ്പിക്കാൻ ബന്ധുക്കളെ അനുവദിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

ഗോത്രജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ​പ്രവർത്തിച്ചിരുന്ന മഹേഷിനെ 2018 ജൂൺ ആറിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റ് ചെയ്യുന്നത്. 2023 സെപ്റ്റംബറിൽ മ​ഹേഷിന് ബോം​ബെ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. അഞ്ച് വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന മഹേഷിനെതിരെ അന്വേഷണ ഏജൻസികൾ ചുമത്തിയിരിക്കുന്ന യുഎപിഎ വകുപ്പുകൾ പ്രഥമ ദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് അന്ന് ​ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ എൻഐഎയുടെ അപ്പീലിൽ ബോം​ബെ ഹൈക്കോടതിയുടെ ജാമ്യം സുപ്രിം കോടതി റദ്ദാക്കിയിരുന്നു.

Similar Posts