India
ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഇരട്ട സ്ഫോടനം: ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്ഫോടനം ഇതാദ്യം
India

ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ ഇരട്ട സ്ഫോടനം: ഡ്രോണ്‍ ഉപയോഗിച്ചുള്ള സ്ഫോടനം ഇതാദ്യം

Web Desk
|
27 Jun 2021 7:54 AM GMT

രാജ്യത്തെ ഏതെങ്കിലും പ്രതിരോധ കേന്ദ്രങ്ങള്‍ക്കെതിരായ ആദ്യത്തെ ഡ്രോൺ ആക്രമണമാണിത്.

വ്യോമസേനയുടെ ജമ്മുവിലെ കേന്ദ്രത്തില്‍ ഇന്ന് പുലര്‍ച്ച നടന്നത് ഇരട്ട സ്ഫോടനമാണ്. ലോ ഫ്ലൈയിങ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. രാജ്യത്തെ ഏതെങ്കിലും പ്രതിരോധ സ്ഥാപനങ്ങൾക്കെതിരായ ആദ്യത്തെ ഡ്രോൺ ആക്രമണമാണിത്. സ്ഫോടകവസ്തുക്കള്‍ നിക്ഷേപിക്കുന്നത് വ്യോമസേനാ പട്രോളിങ് സംഘം കണ്ടെന്ന് വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച പുലർച്ചെ അഞ്ച് മിനിറ്റിനുള്ളിലാണ് രണ്ട് സ്‌ഫോടനങ്ങളും നടന്നത്. ആദ്യത്തെ സ്‌ഫോടനം പുലര്‍ച്ചെ 1.37നായിരുന്നു. വ്യോമസേനാ കേന്ദ്രത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു. രണ്ടാമത്തേത് പുലർച്ചെ 1:42നായിരുന്നു. സ്ഫോടനം സ്ഥിരീകരിച്ച് വ്യോമസേന ട്വീറ്റ് ചെയ്തതിങ്ങനെ-

"ജമ്മുവിലെ വ്യോമസേനാ കേന്ദ്രത്തിന്‍റെ ടെക്നിക്കല്‍‌ ഏരിയയില്‍ ഞായറാഴ്ച പുലർച്ചെ രണ്ട് തീവ്രത കുറഞ്ഞ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യത്തെ സ്ഫോടനം കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ വരുത്തി. രണ്ടാമത്തെ പൊട്ടിത്തെറി തുറന്ന സ്ഥലത്തായിരുന്നു. ഉപകരണങ്ങള്‍ക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്"

ഹെലിപാഡ് ഏരിയയില്‍ നിന്നാണ് ഡ്രോണുകള്‍ സ്ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചതെന്നാണ് സേനയുടെ പ്രാഥമിക നിഗമനം. വിമാനങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് കരുതുന്നുവെന്ന് സേനാ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിശദമായ അന്വേഷണത്തിന് എൻ‌എസ്‌ജിയുടെ ബോംബ് ഡാറ്റാ ടീമും എൻ‌ഐ‌എ സംഘവും വ്യോമസേനാ കേന്ദ്രത്തിലെത്തി.

വ്യോമസേനാ കേന്ദ്രത്തില്‍ നിന്ന് ഇന്ത്യ-പാകിസ്താൻ അതിർത്തി 14 കിലോമീറ്റർ അകലെയാണ്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ 12 കിലോമീറ്റര്‍ വരെ ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പ്രതിരോധ കേന്ദ്രത്തിലേക്ക് ഡ്രോണ്‍ ആക്രമണം ആദ്യമായാണ്.

Similar Posts