രാജസ്ഥാനിലെ ആശുപത്രിയിൽ അമ്മക്കരികിൽ ഉറങ്ങിക്കിടന്ന കൈക്കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു
|ആശുപത്രി വാർഡിന് പുറത്താണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്
ജയ്പൂർ: രാജസ്ഥാനിലെ സിരോഹി ജില്ലയിലെ സർക്കാർ ആശുപത്രിയിൽ അമ്മയുടെ അരികിൽ ഉറങ്ങുകയായിരുന്ന ഒരു മാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കൊണ്ടുപോയി കൊലപ്പെടുത്തി. ആശുപത്രി വാർഡിന് പുറത്താണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്‌ച രാത്രിയോടെ ആശുപത്രിയിലെ ടിബി വാർഡിനുള്ളിൽ രണ്ട് നായ്ക്കൾ കയറിയിരുന്നു. അവയിലൊന്ന് കൈക്കുഞ്ഞിനെ കടിച്ചുകൊണ്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.
കുട്ടിയുടെ പിതാവ് മഹേന്ദ്ര മീണ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാളെ പരിചരിക്കാനായി എത്തിയതാണ് ഭാര്യ രേഖയും മൂന്ന് മക്കളും. ഇവർക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെയാണ് നായ കൊലപ്പെടുത്തിയത്. സംഭവ സമയത്ത് ആശുപത്രി ജീവനക്കാർ സ്ഥലത്ത് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുമെന്ന് എസ്.എച്ച്.ഒ അറിയിച്ചു.
അതേസമയം, തന്നെ അറിയിക്കാതെ വെള്ള പേപ്പറിൽ തന്റെ ഭാര്യയെ കൊണ്ട് ഒപ്പിട്ട് വാങ്ങിച്ചുവെന്നും കുട്ടിയുടെ അന്ത്യകർമങ്ങൾ നടത്തിയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.
"തിങ്കളാഴ്‌ചയാണ് എന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർഡിനുള്ളിൽ ഇടക്കിടെ നായ്‌ക്കൾ വരുന്നുണ്ട്,അപ്പോഴെല്ലാം ഞാൻ അവയെ ഓടിച്ചു. പുലർച്ചെ 2 മണിക്ക് എന്റെ ഭാര്യ ഉണർന്നു നോക്കുമ്പോൾ നായ്‌ക്കൾ ഞങ്ങളുടെ കുട്ടിയെ കടിച്ചു കീറുന്നത് കണ്ടു. ഇന്ന് ആശുപത്രി അധികൃതരും പൊലീസും ഭാര്യയുടെ പക്കൽ നിന്നും ഒരു പേപ്പറിൽ ഒപ്പിട്ട് വാങ്ങി. എന്നെ അറിയിക്കാതെ എന്റെ മകന്റെ അന്ത്യകർമങ്ങൾ നടത്തി, എനിക്ക് എന്റെ മകന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല- മഹേന്ദ്ര മീണ പറഞ്ഞു.
സംഭവത്തിൽ ആശുപത്രി അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രോഗിയുടെ അറ്റൻഡർ ഉറങ്ങുകയായിരുന്നെന്നും ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ മറ്റൊരു വാർഡിൽ ആയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്നും ക്യത്യമായ അന്വേഷണത്തിന് ശേഷം മാത്രമേ എനിക്ക് ഈ കാര്യത്തിൽ പ്രതികരിക്കാൻ കഴിയു എന്നും ആക്ടിംഗ് പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസർ (പിഎംഒ) വീരേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞത്.
സംഭവത്തെ അപലപിച്ച ബിജെപി ജില്ലാ അധ്യക്ഷൻ നാരായൺ പുരോഹിത് ദുരന്തത്തിന് ആശുപത്രി അധികൃതർ ഉത്തരവാദികളാകണെന്നും ഇത് ആശുപത്രി ഭരണത്തിന്റെ പൂർണ പരാജയമാണെന്നും പറഞ്ഞു. തെരുവുനായ്ക്കൾ ആശുപത്രിക്കുള്ളിൽ അലഞ്ഞുതിരിയുകയാണെന്നും അതേസമയം മുഖ്യമന്ത്രിയും പ്രാദേശിക എം.എൽ.എയും അവകാശപ്പെടുന്നത് തങ്ങൾ സംസ്ഥാനത്തെ ആതുരശുശ്രൂഷാ സൗകര്യങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചെന്നാണെന്നും അദ്ദേഹം പറഞ്ഞു.