ലൈംഗികാതിക്രമം നടത്തിയാൽ ആദ്യം മുന്നറിയിപ്പ്, നടപടി പിന്നീട്; നടികർ സംഘത്തിന്റെ സർക്കുലർ വിവാദത്തിൽ
|പരാതികൾ ആദ്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തരുതെന്ന തീരുമാനവും വിവാദത്തിൽ
ചെന്നൈ: സ്ത്രീവിരുദ്ധ സർക്കുലർ ഇറക്കിയ തമിഴ്നാട്ടിലെ താര സംഘടനായ നടികർ സംഘം വിവാദത്തിൽ. ലൈംഗികാതിക്രമം അടക്കമുള്ള പരാതികൾ ആദ്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തരുത്, മറിച്ച് നടികർ സംഘം നിയമിക്കുന്ന ആഭ്യന്തര പ്രശ്ന പരിഹാര സെല്ലിനെ സമീപിക്കണം എന്നതടക്കമുള്ള നിർദേശങ്ങളാണ് വിവാദമാവുന്നത്.
ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന ആളുകൾക്ക് ആദ്യം മുന്നറിയിപ്പ് നൽകും. നടപടി പിന്നീട് സ്വീകരിക്കും എന്ന നിർദേശത്തിനെതിരെയും വിമർശനം ഉയരുകയാണ്. നടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി എന്നിവർ അടക്കം പങ്കെടുത്ത യോഗത്തിൽ ഇത്തരം വിചിത്രവും സ്ത്രീവിരുദ്ധവുമായ നിർദേശങ്ങൾ ഉൾപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. ജനറൽ സെക്രട്ടറി വിശാൽ, പ്രസിഡന്റ് നാസർ, ട്രഷറർ കാർത്തി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു. കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച ഔദ്യോഗിക വാർത്താക്കുറിപ്പ് ഇന്ന് പുറത്തിറക്കിയിരുന്നു.
അതേസമയം സിനിമയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ ലൈംഗികാതിക്രമം നടത്തി എന്ന് തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ വിലക്ക്, പരാതി അറിയിക്കാൻ ഇ മെയിലും ഫോൺ നമ്പറും തയ്യാറാക്കും, അതിജീവിതർക്ക് നിയമസഹായം ഉറപ്പാക്കും എന്ന നിർദേശങ്ങളും ഇന്നത്തെ യോഗത്തിലെ തീരുമാനമായിട്ടുണ്ട്.
മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ തുറന്നുകാട്ടി, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ തമിഴ് സിനിമാ മേഖലയിൽ നിന്നുൾപ്പെടെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നിരുന്നു. പരാതികൾ അന്വേഷിക്കാൻ 10 അംഗ സമിതിയെ നിയോഗിക്കുമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറിയായ വിശാൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ സർക്കുലറുമായി നടികർ സംഘത്തിന്റെ ഐസിസി രംഗത്തെത്തിയത്.