ഡല്‍ഹി മദ്യനയം: ഫാര്‍മ കമ്പനി ഡയറക്ടര്‍ അറസ്റ്റില്‍
|ബിനോയ് ബാബു എന്ന വ്യവസായിയും അറസ്റ്റിലായിട്ടുണ്ട്.
ഡൽഹി: ഡല്‍ഹി മദ്യനയ കേസിൽ വീണ്ടും അറസ്റ്റ്. ഹൈദരാബാദ് ആസ്ഥാനമായ അരബിന്ദോ ഫാർമ ഗ്രൂപ്പ് എംഡി ശരത് റെഡ്ഡിയെ ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ബിനോയ് ബാബു എന്ന വ്യവസായിയും അറസ്റ്റിലായിട്ടുണ്ട്.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇരുവരുടെയും അറസ്റ്റ്. ഇവര്‍ക്ക് മദ്യനയം രൂപീകരിക്കുന്നതില്‍ പങ്കുണ്ടെന്നാണ് ഇ.ഡി കണ്ടെത്തിയത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അടുത്ത അനുയായി ദിനേശ് അറോറയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
വൈഎസ്ആര്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ആളാണ് ശരത് റെഡ്ഡി. ഇ.ഡി നേരത്തെ ശരത് റെഡ്ഡിയുടെ ഓഫീസുകളില്‍ പരിശോധന നടത്തുകയും രണ്ട് തവണ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. സെപ്തംബറിൽ ഇൻഡോസ്പിരിറ്റ് എന്ന മദ്യനിർമാണ കമ്പനിയുടെ മാനേജിങ് ഡയറക്ടർ സമീർ മഹന്ദ്രുവിനെ അറസ്റ്റ് ചെയ്തു.
ഡൽഹി എക്‌സൈസ് നയം 2021-22 നടപ്പാക്കിയതില്‍ ക്രമക്കേടുകളുണ്ടെന്നും അന്വേഷിക്കണമെന്നും ലെഫ്റ്റനന്റ് ഗവർണറാണ് സി.ബി.ഐയോട് ആവശ്യപ്പെട്ടത്. മനീഷ് സിസോദിയയ്ക്കും ചില ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ സിബിഐ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
ആഗസ്തിലാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. സിസോദിയയുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയ ഇ.ഡി ഉദ്യോഗസ്ഥര്‍, അദ്ദേഹത്തെ ചോദ്യംചെയ്യുകയും ചെയ്തു. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ നീക്കം നടത്തുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആരോപിച്ചു.