ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ടിങ്; പ്രതിപക്ഷനിരയിൽ ഭിന്നത
|ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ മറികടക്കുന്ന വിജയമാണ് ദ്രൗപദി മുർമു നേടിയത്. മുർമുവിന്റെ വിജയത്തിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ തുടങ്ങിയവർ മുർമുവിനെ പിന്തുണച്ച പ്രതിപക്ഷ അംഗങ്ങളെ പ്രശംസിച്ച് രംഗത്തെത്തി.
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് വ്യാപക ക്രോസ് വോട്ടിങ്. പ്രതിപക്ഷത്തെ 125 എംഎൽഎമാരും 17 എംപിമാരും എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമുവിന് അനുകൂലമായി വോട്ട് ചെയ്തു. കേരളത്തിൽനിന്നടക്കം ദ്രൗപദി മുർമുവിന് അനുകൂലമായി വോട്ട് ചെയ്തത് പ്രതിപക്ഷനിരയിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്.
ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ മറികടക്കുന്ന വിജയമാണ് ദ്രൗപദി മുർമു നേടിയത്. മുർമുവിന്റെ വിജയത്തിന് പിന്നാലെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ തുടങ്ങിയവർ മുർമുവിനെ പിന്തുണച്ച പ്രതിപക്ഷ അംഗങ്ങളെ പ്രശംസിച്ച് രംഗത്തെത്തി.
ബിജെപിക്ക് ഒരംഗം പോലുമില്ലാത്ത കേരള നിയമസഭയിൽനിന്ന് ഒരുവോട്ട് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് വലിയ ചർച്ചയായിട്ടുണ്ട്. ആ ഒരു വോട്ടിന് 139നെക്കാൾ മൂല്യമുണ്ടെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രതികരണം. ആകെ പോൾ ചെയ്ത വോട്ടിന്റെ 64 ശതമാനമാണ് ദ്രൗപദി മുർമു നേടിയത്. യശ്വന്ത് സിൻഹക്ക് 34 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
അസമിൽ 25 പ്രതിപക്ഷ എംഎൽഎമാർ ദ്രൗപദി മുർമുവിന് അനുകൂലമായി വോട്ടു ചെയ്തു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ അസമിൽ ക്രോസ് വോട്ടിങ് നടന്നിരുന്നു. ഇതിനെ തുടർന്ന് തെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റുകളിലും ബിജെപി ജയിച്ചുകയറി.
മധ്യപ്രദേശിൽ 16 വോട്ടുകളാണ് ദ്രൗപദി മുർമു അധികമായി നേടിയത്. 146 വോട്ടുകൾ മുർമുവിന് ലഭിച്ചപ്പോൾ 79 വോട്ടുകളാണ് യശ്വന്ത് സിൻഹ നേടിയത്. തങ്ങളുടെ മനഃസാക്ഷിക്ക് അനുകൂലമായി ബിജെപി സ്ഥാനാർഥിക്ക് വോട്ടു ചെയ്ത മറ്റു എംഎൽഎമാർക്ക് നന്ദി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
പശ്ചിമ ബംഗാളിൽ ബിജെപിക്ക് 69 എംഎൽഎമാരാണുള്ളത്. എന്നാൽ ദ്രൗപദി മുർമു 71 വോട്ടുകൾ നേടി. യശ്വന്ത് സിൻഹക്ക് സ്വന്തം സംസ്ഥാനമായ ജാർഖണ്ഡിൽ പോലും മുഴുവൻ വോട്ടുകളും നേടാനായില്ല. മേഘാലയയിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎമാരും മണിപ്പൂരിൽ കോൺഗ്രസ് എംഎൽഎമാരും എൻഡിഎ സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തു.