ഗുജറാത്തിൽ 341 സർക്കാർ പ്രൈമറി സ്കൂളുകൾ പ്രവർത്തിക്കുന്നത് ഒറ്റമുറിയിൽ
|നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനയുടെ കണക്കുകൾ പുറത്തുവന്നത്
അഹമ്മദാബാദ്: ഗുജറാത്തിൽ 341 സർക്കാർ പ്രൈമറി സ്കൂളുകൾ ഒറ്റമുറിയിലാണ് പ്രവർത്തിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി. കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന അവഗണനയുടെ കണക്കുകൾ പുറത്തുവന്നത്.
2023 ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ചാണ് 341 സർക്കാർ പ്രൈമറി സ്കൂളുകൾ ഒറ്റമുറിയിൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയത്. വിദ്യാഭ്യാസ മേഖലയിൽ കോടികൾ ബി.ജെ.പിയടക്കമുള്ള മുൻ സംസ്ഥാന സർക്കാർ ചെലവഴിച്ചുവെന്ന് അവകാശപ്പെടുന്നതിനിടയിലാണ് കണക്കുകൾ നിയമസഭയിൽ അവതരിപ്പിക്കേണ്ടി വന്നത്.
സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം കുറവായത്, അധ്യാപകരുടെ എണ്ണം കുറവായത്, ചില ക്ലാസ് മുറികൾ ഉപയോഗിക്കാനാകാത്ത അവസ്ഥയിലായതിനാൽ, കെട്ടിടം നിർമിക്കാൻ സ്ഥലമില്ല തുടങ്ങിയ കാരണങ്ങളാണ് ഒറ്റമുറി സ്കൂളുകൾ തുടരുന്നതിന് പിന്നിലെന്നാണ് സർക്കാർ നിരത്തുന്ന ന്യായങ്ങൾ.
അതെ സമയം കഴിഞ്ഞ ദിവസം ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു കണക്കും പുറത്തുവന്നിരുന്നു. സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 1,606 ആയി ഉയർന്നുവെന്നായിരുന്നു അത്. കോൺഗ്രസ് എംഎൽഎ തുഷാർ ചൗധരിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി കുബേർ ദിൻഡോ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രൈമറി തലത്തിൽ 30 വിദ്യാർത്ഥികൾക്ക് ഒരു അധ്യാപകൻ എന്ന വ്യവസ്ഥയുണ്ടെങ്കിലും 20 സ്കൂളുകളിൽ അഞ്ചിൽ താഴെ കുട്ടികൾ മാത്രമാണുള്ളത്. ഈ അവസ്ഥ മറികടക്കാൻ അന്തർ ജില്ലാ ട്രാൻസ്ഫറുകൾ നടത്താൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
5-10 വിദ്യാർത്ഥികളുള്ള 85 സ്കൂളുകളും 11-20 കുട്ടികളുള്ള 315 ഉം 20-30 വിദ്യാർഥികളുള്ള 419 സ്കൂളുകളാണുള്ളത്. ഭാവിയിൽ ഏകാധ്യാപക വിദ്യാലയങ്ങളുടെ എണ്ണം 3,200 ആയി വർധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കോൺഗ്രസ് എംഎൽഎ ജെനിബെൻ താക്കൂർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.