ഹിമാചലിൽ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം
|കോൺഗ്രസ്-33 ബിജെപി-33 എന്നിങ്ങനെയാണ് ലീഡ് നില
ഷിംല: ഹിമാചൽ പ്രദേശിലെ 68 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഇഞ്ചാടിഞ്ച് പോരാട്ടത്തിന്റെ സൂചനയാണ് ആദ്യഘട്ട വോട്ടെണ്ണൽ കാണിക്കുന്നത്. ബിജെപിക്ക് നേരിയ ഭൂരിപക്ഷം കാണിച്ചിരുന്നെങ്കിലും ലീഡ് നില മാറിമറിയുകയാണ്. കോൺഗ്രസ്-33 ബിജെപി-33 എന്നിങ്ങനെയാണ് ലീഡ് നില. ആം ആദ്മിക്ക് നിലവിൽ അക്കൗണ്ട് തുറക്കാനായിട്ടില്ല.
68 മണ്ഡലങ്ങളിലായി ആകെ 412 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ബിജെപിയും കോൺഗ്രസും 68 സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തിയപ്പോൾ, 67 സീറ്റുകളിലേക്കാണ് ആം ആദ്മി മത്സരിച്ചത്. കേവല ഭൂരിപക്ഷത്തോടെ ബിജെപി ഭരണം തുടരുമെന്നും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നുമാണ് സർവേ ഫലങ്ങൾ പറയുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 45 സീറ്റും കോൺഗ്രസ് 22 സീറ്റും സിപിഎം ഒരു സീറ്റുമാണ് നേടിയത്.
നവംബർ 12ന് നടന്ന വോട്ടെടുപ്പിൽ 74.05 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 2017ൽ 75.6 ശതമാനം ആയിരുന്നു പോളിങ്. സംസ്ഥാനത്തെ ഇളക്കി മറിച്ച് ഒരു മാസം നീണ്ടുനിന്ന പ്രചാരണം നടത്തിയെങ്കിലും അതൊന്നും പോളിങിലേക്ക് എത്തിയില്ല എന്നായിരുന്നു പോളിങ് ശതമാനം സൂചിപ്പിച്ചിരുന്നത്.