ഉച്ചഭക്ഷണത്തിനായുള്ള കോഴിയുടെ ലെഗ് പീസുകൾ അടിച്ചുമാറ്റി; സ്‌കൂൾ അധ്യാപകരെ മുറിയിൽ പൂട്ടിയിട്ട് രക്ഷിതാക്കൾ
|ആറ് അധ്യാപകരെയാണ് ഉച്ചഭക്ഷണത്തിന്റെ കോഴിക്കഷ്ണം വീതം വെക്കുന്നതിലെ അനീതിയെ തുടർന്ന് രക്ഷിതാക്കൾ പൂട്ടിയിട്ടത്
കൊൽക്കത്ത: സ്‌കൂളിലെ ഉച്ചഭക്ഷണത്തിനായി എത്തിച്ച കോഴിയുടെ ലെഗ് പീസുകൾ അടിച്ചുമാറ്റിയ അധ്യാപകരെ മുറിയിൽ പൂട്ടിയിട്ട് രക്ഷിതാക്കൾ. മാൾഡ ജില്ലയിലെ ഇംഗ്ലീഷ് ബസാറിലുള്ള അമൃതി പ്രൈമറി സ്‌കൂളിൽ വ്യാഴാഴ്ചയാണ് സംഭവം. കോഴിയുടെ നല്ല ഭാഗങ്ങളെല്ലാം അധ്യാപകർ എടുത്തതിനെ തുടർന്നാണ് പ്രശ്‌നമുണ്ടായത്. ആറ് അധ്യാപകരെയാണ് ഉച്ചഭക്ഷണത്തിന്റെ കോഴിക്കഷ്ണം വീതം വെക്കുന്നതിലെ അനീതിയെ തുടർന്ന് രക്ഷിതാക്കൾ പൂട്ടിയിട്ടത്.
സംഭവത്തിൽ രക്ഷിതാക്കളുടെ ആരോപണം അന്വേഷിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനായി അനുവദിച്ച കോഴിയിൽ നിന്ന് കാലടക്കം മാംസളമായ ഭാഗങ്ങളെല്ലാം അധ്യാപകർ എടുത്തുവെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്. ശേഷം കുട്ടികൾക്ക് കഴുത്ത്, കരൾ, വയർ തുടങ്ങിയ ഭാഗങ്ങളാണ് നൽകിയതെന്നും ആരോപിച്ചു. ഉച്ച ഭക്ഷണത്തിന് കോഴിയുള്ള ദിവസങ്ങളിൽ അധ്യാപകർ ആഘോഷത്തിലാണെന്നും അന്ന് നല്ല അരി ഉപയോഗിച്ച് അവർ വേറെ പാചകം ചെയ്യുന്നുണ്ടെന്നും രക്ഷിതാക്കൾ കുറ്റപ്പെടുത്തി.
ഉച്ചഭക്ഷണത്തിന് കോഴിയുള്ള ദിവസം കുട്ടികൾ നിരാശയോടെ വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ സംഭവമറിഞ്ഞത്. അധ്യാപകർ നല്ല ഭാഗങ്ങളെടുത്ത് തങ്ങൾക്ക് മോശം ഭാഗം നൽകിയെന്ന് കുട്ടികൾ പറയുകയായിരുന്നു. ഇതോടെ രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിക്കുകയായിരുന്നു. നാലു മണിക്കൂറോളമാണ് രക്ഷിതാക്കൾ അധ്യാപകരെ പൂട്ടിയിട്ടത്. പിന്നീട് പൊലീസെത്തിയാണ് അവരെ മോചിപ്പിച്ചത്. സ്‌കൂളിലെ പ്രധാന അധ്യാപകൻ സംഭവത്തിൽ പ്രതികരിക്കാൻ വിസമ്മതിച്ചു.
'സംസ്ഥാന സർക്കാർ കുട്ടികൾക്കായി നൽകുന്ന ഭക്ഷണം അധ്യാപകർ നൽകാതിരിക്കുന്നത് നിർഭാഗ്യകരമാണ്' ഗ്രാമപഞ്ചായത്ത് അംഗമായ നിഖിൽ സിംഘ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ പ്രൈമറി സ്‌കൂൾ ഇൻസ്‌പെക്ടറോട് ജില്ലാ പ്രൈമറി വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ബാസന്തി ബർമൻ ആവശ്യപ്പെട്ടു.
In Kolkata, parents locked teachers in their rooms for taking pieces of chicken legs brought to school for lunch.