ഹരിയാനയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി കോൺഗ്രസ്; രാഹുൽ ഗാന്ധിയുടെ സംസ്ഥാന പര്യടനം ഇന്ന്
|വിമതരായി മത്സരിക്കുന്ന ആറ് പേരെ ബിജെപി പുറത്താക്കി
ചണ്ഡീഗഡ്: ഹരിയാനയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമാക്കി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ സംസ്ഥാന പര്യടനം ഇന്ന് ആരംഭിക്കും. വിമതരായി മത്സരിക്കുന്ന ആറ് പേരെ ബിജെപി പുറത്താക്കി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിനങ്ങളില്‍ സര്‍വസന്നാഹങ്ങളുമായി കളം പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇന്ന് മുതൽ വ്യാഴാഴ്ച വരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിൽ സംസ്ഥാന പര്യടനം നടത്തും. മുന്നണിയിലെ കെട്ടുറപ്പ് ഉറപ്പക്കുക, വിഭാഗീയത അവസാനിപ്പിക്കുക, തെരഞ്ഞെടുപ്പില്‍ സാധ്യത വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. കോണ്‍ഗ്രസിന് നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ചാണ് യാത്ര. പ്രിയങ്കാ ഗാന്ധിയും പര്യടനത്തിന്‍റെ ഭാഗമാകും എന്നാണ് സൂചന .അതേസമയം വിമത ഭീഷണിയാണ് കോൺഗ്രസിനും ബിജെപിക്കും ഹരിയാനയിൽ വെല്ലുവിളിയാകുന്നത്. സ്വതന്ത്രനായി മത്സരിച്ച 13 പേരെ കോൺഗ്രസും ആറുപേരെ ബിജെപിയും ഇതിനോടകം പുറത്താക്കി കഴിഞ്ഞു. എന്നാൽ ഇതൊന്നും തങ്ങൾക്കു പ്രശ്നമല്ലെന്നാണ് പാർട്ടികളുടെ വാദം.